Saturday, December 24, 2016

അമ്മയുടെ അരിപാത്രത്തില്‍
നിന്ന്
ഞാന്‍ മുങ്ങിയെടുത്ത
അപ്പൂപ്പന്‍താടികള്‍
യുദ്ധത്തില്‍
മരിച്ച കുട്ടികള്‍
അമ്മമാരുടെ
ചുരത്താതെപോയ മുലകള്‍,
പ്രാവുകള്‍ .....

ഒലിവിലകളാല്‍ അലങ്കരിച്ച
സമാധാന സന്ദേശങ്ങൾ
കുത്തിനിറച്ച
കവചിത വാഹനം..
അവരുടെ വീട്ടിലെ
പട്ടം പറത്തുന്ന കുട്ടികള്‍
പൂമ്പാറ്റകള്‍ .....
എന്നോ മരിച്ചുപോയ
മുക്കുവന്റെ
കുഴിമാടത്തിൽ
ചവിട്ടി നിന്ന്
പുകവലിക്കുന്ന കൂട്ടുകാരൻ
 
കടൽക്കരയിലെ
ഏതോ കാമുകിയുടെ
കടലെടുക്കാതെ പോയ
കാൽപാടുകൾ .......
സ്സ്വപ്നത്തിൽ
ആരുടെയോ
മറന്നുവെച്ചുപോയ
രണ്ടു കണ്ണുകൾ ....
വീട്ടിലേക്കു കരോള്‍
പാടിവരുന്ന
ദിവസം മാത്രം
അപ്പന്‍ പട്ടികളെ
കെട്ടിയിടും,
ചാപ്പലില്‍
പെരുന്നാള്‍ വെടിക്കെട്ട്‌
നടക്കുന്ന രാത്രിയും
അങ്ങനെ തന്നെ....


ഡ്രമ്മിന്റെ ശബ്ദം അടുത്ത് വരുമ്പോള്‍
പട്ടികള്‍ വലിയ വായില്‍
നിലവിളികാന്‍
തുടങ്ങും
ഞരക്കമായി
അതങ്ങനെ എവിടെയോ ഒളിക്കും,
ആ നിലവിളികള്‍ക്കിടയില്‍
ഉണ്ണിയേശുവിന് പോലും
ബോറടിച്ചു പണ്ടാരമടങ്ങിയിട്ടുണ്ടാകും

എവിടെനിന്നോ
ആരൊക്കെയോ കൊട്ടിപാടി
വരുന്നു
എനിക്കും
നിലവിളിച്ച്
ഓടിപോകാന്‍ ഒക്കെ
തോനുന്നു,

വരൂ
നീയെങ്കിലും,
നിങ്ങളെങ്കിലും
നീട്ടിയെന്റെ പേരുവിളിക്കു
പിന്നിലോളിപ്പിക്കു.....

Saturday, December 3, 2016

ഇങ്ങനെ
സംസാരിച്ചിരിക്കെ
പൊടുന്നനെ
അവൻ പറഞ്ഞു
ഞാൻ പോകുന്നു ...

ഈ രാത്രിയിൽ
ഇപ്പോ എന്തുണ്ടായി എന്നായി
ഞങ്ങൾ..

അവൻ മുകളിലേക്ക്
കൈ ചൂണ്ടി,

""ഒരു നക്ഷത്രം
 പോലുമില്ല ""

Monday, August 1, 2016

എദന്‍തോട്ടത്തില്‍
ദൈവം മറന്നുകളഞ്ഞ
ഒലീവ്
മരമായിരുന്നു നമ്മള്‍

ഏതോ രാത്രിയില്‍
വഴിതെറ്റിപ്പോയ
ഇടയര്‍ പാടിയ
ഗോത്രഗാനമായിരുന്നു നമ്മള്‍..

കടലില്‍, മുക്കുവന്‍
വിശപ്പിനുനേരെ എറിഞ്ഞ
ചാട്ടുളിയായിരുന്നു
നമ്മള്‍

അവന്‍റെ മാത്രം പെണ്ണിന്റെ
പ്രാര്‍ത്ഥനകളായിരുന്നു
നമ്മള്‍...

കുന്നിന്‍ ചെരുവില്‍
ഒരിക്കല്‍ മാത്രം
കാലംതെറ്റി പൂത്തിരുന്ന
ഹെയിസല്‍ പുഷ്പമായിരുന്നു
നമ്മള്‍...

കാമുകി, കാമുകന്റെ
തുടയില്‍
പച്ചകുത്തിയ
കുതിര മുഖമായിരുന്നു നമ്മള്‍
അവന്‍ അവളെ
അമര്‍ത്തി ചുംബിക്കുമ്പോഴെല്ലാം
ചുണ്ടില്‍ പറ്റിയ
പിന്‍കഴുത്തിലെ
ഉപ്പുരസമായിരുന്നു
നമ്മള്‍...

വഴിതെറ്റിയ കാറ്റില്‍
ഒരേ തീരത്തടിഞ്ഞ
പായ്കപ്പലുകളായിരുന്നു
നമ്മള്‍...

യുദ്ധത്തിനു പുറപ്പെടും മുന്നേ
മകന്‍ അമ്മക്ക് കൊടുത്ത
അവസാന ചുംബനമായിരുന്നു
നമ്മള്‍,
അവന്‍റെ കാമുകിയുടെ
ആരും വായിക്കാതെ പോയ
കത്തുകളായിരുന്നു
നമ്മള്‍...

ശ്മശാന
കാവല്‍ക്കാരന്റെ
നിശബ്ദതയായിരുന്നു നമ്മള്‍..

ഉറക്കത്തില്‍ ചിരിക്കുന്ന
കുട്ടികള്‍ കണ്ട
സ്വപ്നമായിരുന്നു നമ്മള്‍..
.
കാറ്റായിരുന്നു,
കടലായിരുന്നു...

ആകാശവും
ഭൂമിയും
എല്ലാം
എല്ലാം
നമ്മളായിരുന്നു...

Saturday, April 30, 2016

പള്ളിക്കൂടം വിട്ടു പോരുമ്പോ
മുറിച്ചു കടക്കേണ്ടിയിരുന്ന
ഒരു കവലയുണ്ട്
കുറെ ദൂരെ നിന്നെ
നിശബ്ദമാക്കുന്ന,
ഒരു ശബ്ദത്തിനു മാത്രം
ചെവി കൂര്‍പ്പിച്ചിരുന്ന
എന്‍റെ
ഹാപ്പിനസ്സിനെ,
സങ്കടങ്ങളെ
ഓരോ രാത്രിയും
പച്ച കുത്തി വിട്ടിരുന്ന
കവല .. 


 
സുര ചേട്ടനും
തങ്കനും
കൃഷണനും
സുകുവും
പ്ലക്കും
മഞ്ഞനും
വര്‍ക്കി ചാച്ചനും
അങ്ങനെ പലരുടേയും
കവല ..


തടി പണിക്കാരന്റെ
തഴമ്പിച്ച
കൈ പിടിച്ചു
കണ്ണ് നിറഞ്ഞു വീട് പറ്റാറുള്ള
അനേകമായിരം
വൈകുന്നേരങ്ങള്‍
ഉറങ്ങാത്ത
രാത്രികള്..


ജീവിതത്തിലെ
വളവുകള്‍,
വീണ്ടും
മുറിച്ചു കടക്കേണ്ടി വരുമ്പോള്‍
കണ്ണ് നിറക്കുന്ന
കവലകള്‍.. 

എന്നെ അറിയാത്ത ദൈവമേ
എനിക്ക്
മനുഷ്യനെ പോലെ
സങ്കടം വരുന്നു .............................
ആകാശത്തൊരു കുട്ടി,
ഭൂമിയില്‍
പൊട്ടിപ്പോയൊരു പട്ടം...
കൊയ്ത്തു കഴിഞ്ഞ പാടത്ത്
തനിയെ നില്‍ക്കുന്ന
പെണ്‍കുട്ടി
അവളുടെ വീട്ടിലേക്കുള്ള
വഴി,
വഴി നിറയെ
മറന്നുപോയെന്നു
കള്ളം പറഞ്ഞ
ആരുടെയോ
കാലൊച്ചകള്‍ ..................
കുറെ മുന്നേ
മറാഠാ രാജ്യത്ത്
ക്ലാസ്മുറിയുടെ
ഒരു മൂലയിൽ
വീട്ടിൽ നിന്നു കൊണ്ടുവരുന്ന
ചാക്കു
വിരിച്ചിരുന്നു
പഠിച്ചൊരു കുട്ടി,
സമത്വം സ്വപ്നംകണ്ട കുട്ടി,
ആ കുട്ടി
ഇന്നുമുണ്ടായിരുന്നു
മുദ്രാവാക്യങ്ങള്‍
തുന്നികൂട്ടിയ ബാനറില്‍,
ജനാധിപത്യ
മഹാരാജ്യത്തിലെ
"തുല്യതയുടെ"
എദന്‍
തോട്ടത്തില്‍ നിന്ന്
വിപ്ലവത്തിന്റെ
കുപ്പായമിട്ട് ഇറങ്ങി പോകുന്ന
ഒരുത്തനെ നോക്കി...വെളുത്തവന്റെ
മാത്രം ദൈവമേ
നീയുണ്ടെങ്കില്‍
നിനക്ക് സ്തുതിയായിരിക്കട്ടെ
ഇന്നലെ അവനും വന്നു
സ്വപ്നത്തില്‍,
മൈരേ
ബീഡിയുണ്ടോടാ
എന്ന് ചോദിയ്ക്കാന്‍...
ബസ്റ്റോപ്പില്‍ വെച്ച്
അവന്റെമ്മയെ കണ്ടു
അവന്‍,
മരിച്ചു പോയന്നോന്നും
പറഞ്ഞില്ല അവര്‍
പക്ഷേ,
എനിക്ക് കുറച്ചു
കടല കൊറിക്കാന്‍ തന്നു ...


സ്വപ്നത്തില്‍
തണുത്ത കൈ പിടിച്ചിരുന്നു
കടല കൊറിക്കുക
വാഹ്
സ്റ്റയിലായിരിക്കുന്നു....
ഇല കൊഴിയുന്ന
നിശബ്ദതയില്‍ നിന്ന്
രണ്ട് കിളികള്‍
പറന്നു പോകുന്നു..

തൂവലുകളിലെ
തുന്നലുകള്‍
ഏതോ
രാജ്യത്തിന്‍റെ
ഭൂപടമാകുന്നു ....
കടല്‍ക്കരയിലെ
തീര്‍ത്തും
പുരാതനമായ
കൊട്ടാരത്തില്‍
മുക്കുവന്‍
കൂട്ടുകാരിയെ
കടലാസ് വള്ളങ്ങള്‍
ഉണ്ടാക്കാന്‍
പഠിപ്പിച്ചു പരാജയപ്പെടുന്നു,
അവന്‍ പങ്കായമെടുത്തു
കടലിലേക്ക് പോകുന്നു
അവള്‍ പഠിപ്പ് തുടരുന്നു,
രാത്രികള്‍ ഇറങ്ങി പോകെ
മനോഹരമായ
ഒരുവള്ളമവള്‍ ഉണ്ടാക്കുന്നു,
കടല്‍ക്കരയില്‍
അവനെ കാത്തിരിക്കുന്നു..


കാത്തിരുന്നു
മുഷിയുന്നു,
കാത്തിരിപ്പിന്
ശലഭ ഭംഗി ഉണ്ട് എന്ന് പറഞ്ഞ
കൂട്ടുകാരിയെ
അവള്‍ കള്ളി
എന്ന് പേരിട്ടു
ഓര്‍മകളില്‍ നിന്ന് കീറി കളയുന്നു..
മടുത്തപ്പോള്‍
മണലില്‍
പിറക്കാതെ പോയ മക്കളുടെ
പേരെഴുതി
കടലിന്നു മാച്ചുകളയാന്‍
കാത്തിരിക്കുന്നു ,
വീണ്ടും കാത്തിരുന്നു
മുഷിയുന്നു.


ഏഴ് പകലുകള്‍ക്ക്‌
ശേഷം അവന്‍ വന്നപ്പോള്‍
അവന്‍റെ കീറിയ
കുപ്പായ മടക്കില്‍
നിറയെ
തിളങ്ങുന്ന
ചെതുമ്പലുകള്‍
അതില്‍ ഒന്നെടുത്തു
അവള്‍ വള്ളമവന് നീട്ടുന്നു
കുറെ കവിള്‍ ചിരിക്കുന്നു..


ആ രാത്രി
അവള്‍ അവനു
ഒരിക്കല്‍ പോലും
കടലാഴം കാണാതെ
കടല്‍ക്കരയില്‍ തിരയെണ്ണി
മരിച്ച മുക്കുവന്റെ
കഥകള്‍ പറഞ്ഞു
കൊടുത്തുകൊണ്ടിരിക്കെ
അവനുറങ്ങി പോകുന്നു ,
കൊട്ടാരമൊരു
അക്വേറിയമാകുന്നു
അവരതില്‍
കടലാസ് വള്ളവും......


"കടലാഴം കാണാത്ത മുക്കുവൻ"
വരികൾ : സോമൻ കടലൂർ ( കനിമീൻ)
നഷ്ടപ്പെട്ടു പോയൊരു
കൈലേസ്
തിരഞ്ഞു പോകുന്ന കുട്ടി,
അവന്റെ മാത്രം
വഴികള്‍
തെരുവ് പട്ടികള്‍
പൂമ്പാറ്റകള്‍
ചോണനുറുമ്പുകള്‍
ബലിക്കാക്കകള്‍....
ലിലിത്ത്,
ബാബിലോണിന്റെ നദികള്‍ക്കരികില്‍
പാടി നടന്ന
യെഹൂദാ നാടോടി
കഥയിലെ
മുലകളില്‍ വിഷം നിറച്ച
ഉറക്കത്തില്‍ ചെറുപ്പക്കാരെ
പ്രാപിക്കുന്ന,
ഗര്‍ഭപാത്രത്തില്‍ വെച്ച് കുട്ടികളെ
കൊല്ലുന്ന ദുര്‍ദേവത,
നിറയെ മുടിയുള്ള,
സുന്ദരിയായ,
ചിറകുകളുള്ള,
ചെന്നായ്ക്കളും
മൂങ്ങകളും എപ്പോളും
കൂട്ടുള്ള പിശാചിനി... .അവള്‍ ലിലിത്ത്
ആദ്യത്തെ പെണ്ണ്,
ഹവ്വക്കും മുന്നേ
ഏദനില്‍ ആദമിനൊപ്പം
സൃഷ്ടിക്കപ്പെട്ടവള്‍
ഒരേ മണ്ണില്‍ നിന്ന്
സൃഷ്ടിക്കപ്പെട്ടതിനാല്‍
നമ്മള്‍ സമരാണെന്ന്
ആദമിനെ വെല്ലുവിളിച്ച
അവകാശങ്ങള്‍ക്ക് വേണ്ടി
പോരാടിയ
വിധേയയായി നില്‍ക്കാത്തതിനാല്‍
മാത്രം
ഏദന്‍ എന്ന ആഡംബരം
ഉപേക്ഷിക്കേണ്ടി വന്ന
ദൈവത്തെ വെല്ലുവിളിച്ച
ചെങ്കടല്‍ തീരത്ത്
ഒറ്റയ്ക്ക് താമസിച്ചവള്‍
ആദ്യത്തെ ഫെമിനിസ്റ്റ്
അവള്‍
ലിലിത്ത് ..

മതം,
വഴങ്ങുന്നവളെ
വിശുദ്ധയാക്കുമ്പോള്‍
ചോദ്യങ്ങള്‍ ചോധിക്കുന്നവള്‍
വേശ്യയും , കൊള്ളരുതാത്തവളും
പിശാചിനിയും
ആകുമ്പോള്‍
നമ്മള്‍ മറന്നു കളഞ്ഞവള്‍
ചീത്തയാക്കപ്പെട്ടവള്‍
ലിലിത്ത്..


""ലിലിത്ത് നീയാ
സീയോനെ കുറിച്ചുള്ള
ഗാനങ്ങളിലൊന്ന് ഞങ്ങളെ
പാടി കേള്‍പ്പിക്കു""ലിലിത്ത് : http://www.biblicalarchaeology.org/…/people-in-the-…/lilith/
""തൊടിയില്‍ നിന്ന്
നീ നീട്ടിയ
ജീവന്‍റെ മണമുള്ള
പൂവുകള്‍""...

Tuesday, January 5, 2016


ഗ്രാമത്തിന്‍റെ ഫോസിൽ പൂത്ത 
നഗരത്തിലെ എഴാം ക്ലാസ്സ്
*****************************************************

"നഗരം" എന്ന് പേരുള്ള
മാലിന്യവണ്ടി
ഗ്രാമത്തെ
ബലാത്സംഗം ചെയ്യുമ്പോൾ
പുഴവക്കില്‍ ഒരുവന്‍
ചൂണ്ടയിടുന്നു...
ചൂണ്ടയില്‍,
ചത്ത മീനുകള്‍ കൊത്തുന്നു...

പ്ലാസ്റ്റിക്ക്‌ ഇലകളിൽ
കാറ്റ് വീശുമ്പോള്‍
വരണ്ട പാടത്ത്,
വിശപ്പിനെ വിതച്ച് കര്‍ഷകന്‍,
വിത്തിനോടൊപ്പം മണ്ണിലേക്കാഴ്ന്നിറങ്ങാൻ
ഉറപ്പുള്ളോരു
കൊമ്പ്‌ തിരയുന്നു...

ഒരുവള്‍
കയ്യില്ലാത്ത,
കാലില്ലാത്ത
കുപ്പായം തുന്നുന്നു..
അവ
ശവപ്പെട്ടികളില്‍
പൂട്ടിവയ്ക്കുന്നു
ശേഷം, വിപ്ലവത്തിന്റെ
കുപ്പായമിടുന്നു...

ഒരു കൂട്ടം നിലവിളികളെ
ലാത്തികള്‍ വിഴുങ്ങുമ്പോൾ
"നഗരവല്‍ക്കരണം"
എന്ന ബോർഡുമേന്തി
മരണ ഘോഷയാത്ര
കടന്നു പോകുന്നു...

കോൺക്രീറ്റ്‌ കാട്ടില്‍
കുട്ടികള്‍,
ഇലയുള്ള
മരങ്ങളെ വരയ്ക്കുന്നു
പൂക്കളേയും
പൂമ്പാറ്റകളേയും വരയ്ക്കുന്നു
ചിരിക്കുന്നു...
വിശുദ്ധനുണകളാല്‍
കാലം അവരെ ഒറ്റുകൊടുക്കുന്നു

എല്ലാ നഗരത്തിനും കീഴെ,
നമ്മള്‍ കൊന്നുതള്ളിയ ഗ്രാമത്തിന്റെ 
ഫോസിലുണ്ടെന്നെഴുതിയ കുട്ടിയെ,
അദ്ധ്യാപകന്‍
ക്ലാസ്സിൽ നിന്നും പുറത്താക്കുന്നു...

അവന്‍ മാത്രം
നിലാവ് തെളിച്ചുകൊണ്ട്
വീട്ടിലേക്കു പോകുന്നു,
ചുമരില്‍
അമ്മ ചിരിക്കുന്നു ...
 ക്രിസ്തുതൊട്ട പച്ചവിരല്‍

പുല്‍കൂട്ടില്‍
നിയോണ്‍ ബള്‍ബിന്‍റെ
ചൂടില്‍
വെള്ള പെയിന്റടിച്ച
ക്രിസ്തുദേവന്‍
ചിരിച്ചങ്ങനെ
വിശാലമായി
കിടന്നുറങ്ങുന്നു..


മാറി നില്‍ക്ക് ബ്രോ
എന്ന് പറയും മാതിരി
ഒരു തണുത്ത കാറ്റ്
ഇക്കിളി ഇട്ടു
ചിത്ര പണികള്‍ ചെയ്ത
പള്ളി വാതിലില്‍ തട്ടി
ചമ്മി പണ്ടാരം അടങ്ങി
ഇങ്ങനെ നില്‍ക്കെ ,
ചെരുപ്പുകള്‍ക്ക്
കാവലിരിക്കുന്ന
സി സി ടി വി ക്യാമറയെ
നോക്കി പുണ്യാളന്‍
കുന്തം മുറുക്കെ പിടിച്ചു

വിചിത്ര രൂപമുള്ള
കുറച്ചു ജീവികള്‍
ചുറ്റും എവിടെക്കോ
നോക്കിയിരിക്കുമ്പോള്‍
അടുത്ത് അപ്പന്‍റെ
തോളത്തിരിക്കുന്ന
കുട്ടിയുടെ മുഖത്ത്
മാത്രം
കുഞ്ഞി ക്രിസ്തു ദേവനെ
ഞെക്കി പീച്ചാന്‍ ഭാവം ..
തമ്പായി ആണെന്ന
അമ്മയുടെ താക്കീത്..

ചുവരില്‍ പള്ളി പണിയുടെ
കണക്കു മാല ,
പരസ്പ്പരം
ഇക്കിളി ഇടുന്ന
രണ്ടുപേര്‍
നക്ഷത്രങ്ങള്‍
ബലൂണുകള്‍
ചൈനാ പൂവുകള്‍
മുക്കാല മുക്കാബുലാ ട്യൂണില്‍
ഭക്തി ഗാനങ്ങള്‍
ബ്രോ വിളികള്‍
കുശുമ്പ്
കുന്നായ്മകള്‍
ആകെ മൊത്തം സീന്‍

പാഞ്ഞു പോകുന്ന
കെ എസ് ആര്‍ ടി സി
ബസില്‍ നിന്ന്
കറുത്ത് മെലിഞ്ഞൊരു സ്ത്രീ
ഇറങ്ങി വരുന്ന കണ്ടു
നഗ്നനനായി
ക്രിസ്തു ദേവന്‍,
മുഖത്തൊരു കള്ള ചിരി ..

പണക്കൊഴുപ്പിന്റെ
പള്ളിമേടയില്‍ നിന്ന്
കാലിതൊഴുത്തില്‍ പിറന്നവനെ
കരുണ നിറഞ്ഞവനെ
ഗാനം,
കന്യാമറിയത്തിന്റെ
പച്ച വിരല്‍
തൂങ്ങി
മനുഷ്യാനായി അവനും ......

തെറ്റി കയറിയ തീവണ്ടി , പാളത്തിൽ മരിക്കാൻ കിടക്കുന്ന ഒരുവൾ . എനിക്കറിയാം എനിക്കും നിനക്കുമിടയിൻ പാളവും നിലവിളിയും അല്ലാതെ ഒന്ന...