Wednesday, December 18, 2013

 "നീ കൊല്ലുന്നതില്‍ അല്ല ഞാന്‍ മരിക്കാതിരിക്കുന്നതിലാണ്
എന്‍റെ
സങ്കടം....................



എഴുതി തീരും
മുമ്പേ
പകുതിയില്‍ മരിച്ചു വീഴുന്ന
നീ എന്ന കവിതയില്‍
നിനക്കൊപ്പം
ഒറ്റക്കാകുന്നത് കൊണ്ട്
ഞാന്‍ എന്‍റെ
പകലുകളെ
വിഷം കൊടുത്തു
കൊല്ലുകയും
രാത്രിയില്‍ അവയെ
പോസ്റ്മോര്ട്ടം
ചെയ്യുകയും ചെയ്യുന്നു ..
കീറി ,മുറിക്കുമ്പോള്‍
എന്നും
"എനിക്കും നിനക്കും
ഇടയില്‍ എന്ത്"??
എന്നത് മാത്രം,
എന്തെ
ബാക്കിയാകുന്നു ?? ...

ചോദ്യം ചെയ്യപ്പെടാന്‍
കഴിയാത്ത് പലതും
നമുക്കിടയില്‍ ഉള്ളതിനാലും
മറുപടി പലരും
നിന്റെ നെഞ്ചില്‍
ചെര്‍ത്തോട്ടിച്ചതിനാലും
ഇന്നും പോസ്റ്മോര്ട്ടം
പാതിയില്‍
അവസാനിപ്പിച്ചു
ചോദിക്കാതെ
നിനക്കൊപ്പം
ഒരേ കുഴിയില്‍
ചേര്‍ന്നുറങ്ങുന്നു ....

ഒന്നറിയുക
"നീ കൊല്ലുന്നതില്‍ അല്ല
ഞാന്‍
മരിക്കാതിരിക്കുന്നതിലാണ്
എന്‍റെ
സങ്കടം "........

Tuesday, December 10, 2013

 അറിവ് ....

അന്ന്,
ജനാധിപത്യത്തിന്റെ
"കമ്പി"പുസ്തകത്തില്‍
"ഇരുപത്തിരണ്ടാം" പേജില്‍
"ഒമ്പത് വാള്‍ട്ടിന്റെ"
"രണ്ടു ബാട്ട്ടരി"
ഒരു "പത്തൊമ്പത്കാരനെ"
കൂട്ടികൊടുപ്പുകാര്‍ക്ക്
ഒറ്റികൊടുത്തു..

ഇന്നു.
കൂട്ടികൊടുപ്പുകാരന്റെ
കുമ്പസാരം..
പുളകിതരാകുന്ന ജെനം
തുണിയില്ലാതെ നീതി
ദേവത ...

പത്തൊന്‍പതു കാരന്റെ
ജീവിതത്തിന്റെ
നാല്‍പ്പത്തി രണ്ടാം
വളവില്‍
തൂക്കുകയര്‍ ഇക്കിളി ഇടുമ്പോള്‍ ...
അവന്‍ ചിരിക്കുന്നു ...

"ഇലെക്ട്രോനിക്സിൽ ഡിപ്ലോമ
എടുത്തവരെ തൂക്കികൊല്ലുക
ഭരണകൂടമേ"
എന്ന് നീതി ദൈവതയുടെ
പാവാട മുകളില്‍
എഴുതിയ
അമ്മെ
നീയാണ് കവി
അതാണ് കവിത ....







December 10  World Human Rights Day ......... Feeling :
Perarivalan
ഒറ്റയാവുക എന്നുണ്ടോ ?

അങ്ങനെ അങ്ങനെ
നോക്കി ഇരിക്കെ
ഒരു കഥയിൽ,
ഒരു കവിതയിൽ ,
ഒരു പേരിൽ,
ഒരു വാക്കിന്റെ
അവസാന അക്ഷരത്തിൽ ,
നിങ്ങൾ
എന്നെ ഒറ്റക്കാക്കുന്നു..

ഒറ്റയായി ഇറങ്ങി
നടക്കുന്പോൾ
ഒരൊറ്റ ഉമ്മയിൽ ,
ഒരു വിളിയിൽ ,"
എന്റെ ആകാശവും
ഭൂമിയും
പിന്നെയും
എഴുതി എടുത്തു
നിങ്ങൾ
ഹൃദയത്തിൽ വീണ്ടും
മേയാനിറങ്ങുന്നു .....

Wednesday, November 20, 2013

മുക്കുവ/വാ കടല്‍ 


കഴിഞ്ഞട്ടല്ല
"കടലേ"

 നിന്നെ ഇന്നു
അക്വേറിയത്തിലെ
മീനുകള്‍ക്കിട്ടു കൊടുക്കുന്നു..

ആ മീനുകള്‍
കടലാഴം കാണുകയും
നീന്ദുകയും,
സന്തോഷിക്കുകയും
ചെയ്യുമ്പോള്‍,
നിന്റെ മുക്കുവനിലെ
നിന്നെ,
നിന്നിലെ
കപ്പലിനെ,
കപ്പല്‍ചാലിനെ,
വിളക്കുമരത്തെ,
കാറ്റിനെ,
കടല്‍കാക്കകളെ
മീനുകളെ ,
തീരത്തെ,
തിരയെ ,
എവിടെ
ഒളിപ്പിക്കും ????

Tuesday, November 19, 2013

പെഴച്ചവള്‍...

അവളെ പെഴച്ചവളെന്ന്‍
ആദ്യം വിളിച്ചത് അപ്പനാണ്.
അമ്മക്കും
ഇഷ്ടമല്ലവളെ,
കണ്ടാലുടന്‍
ഓടിമാറുന്നതാണ് പതിവ്.

ഒന്ന് തൊടാന്‍ പോലും അവളെ
അനുവദിക്കാതെ
അകലേന്നു തന്നെ
എല്ലാം
ഒളിച്ചു വെക്കും
വല്യമ്മച്ചി.

മുറ്റത്തോ തൊടിയിലോ
അവക്കൊപ്പം നടന്നാല്‍
അപ്പൊ തുടങ്ങും പുകില് ,
പാട വരമ്പിലൂടെ
അവളെ തോപ്പിച്ചോടിയിട്ടുണ്ട്

ഞാന്‍.

ക്രിക്കറ്റ് കളിക്കുമ്പോള്‍
ചിലപ്പോള്‍ അവളും കൂടും
കുലുങ്ങി ചിരിക്കും,
ദേഷ്യപ്പെടും,
ഒച്ചവെക്കും ..
പിന്നെ കാറ്റിന്റെ മറ പറ്റി
ഒളിച്ചിരിക്കും..
അത്രയ്ക്ക് കൂട്ടായിരുന്നു
ഇഷ്ടമായിരുന്നു.

ഞങ്ങളൊരുമിച്ചെത്ര
യാത്രകള്‍..
പള്ളിക്കൂടങ്ങള്‍
ചായപ്പീടികകള്‍
കളിക്കളങ്ങള്‍...
അതിനും കിട്ടിയിട്ടുണ്ട്
വഴക്ക്.

അങ്ങനെയിരിക്കെ ചിലപ്പോ
അവളൊരു പോക്കങ്ങ്
വെച്ച് കൊടുക്കും.

പിന്നെ ചോദിക്കാതെ,
രാത്രി എന്നോ,
പകലെന്നോ ഇല്ലാതെ
മുന്പെത്തപ്പോലെ
ഒരു താന്തോന്നിയായ്
ജനല് വഴി
വിളിച്ചുണര്‍ത്തും.
പിന്നേം സ്നേഹിക്കും.

വായന ശാലയിലെ ചേട്ടന്‍
അവളെക്കുറിച്ചൊരിക്കല്‍
കവിത
എഴുതിത്തന്നു.
സ്വന്തമെന്നാകെയുള്ള
തലയിണ കീഴെ
കുറെകാത്തു.
പിന്നെയവള് തന്നെ 

കട്ടെടുത്തു.

പ്രണയം തോന്നിയപ്പോള്‍,
കരഞ്ഞപ്പോള്‍ ,
വല്യപ്പന്റെ കുഴി
വെട്ടി മൂടുമ്പോള്‍ ,
അങ്ങേ വീട്ടിലെ കല്യാണത്തിന്
ഇല വിരിക്കുമ്പോള്‍,
പിന്നെ ഓണത്തിന്,
പെരുന്നാളിന്,
അങ്ങനെ അങ്ങനെ ..
കടല്‍ കടന്നു പോരുമ്പോള്‍
അവിടെയും
എല്ലായിടത്തും അവളുണ്ടായിരുന്നു.

"പെഴച്ചവളേ എന്ന്
ഞാന്‍ വിളിച്ചിട്ടുണ്ടോ,
ഇല്ലല്ലോ "??
ഇന്നും ചോദിച്ചു.
മറുപടിയായി
അവള്‍ ചിരിച്ചു ,
ചെറു കാറ്റില്‍
ഒരു തുള്ളി
കവിളില്‍
തൊട്ടു ...............

Wednesday, November 13, 2013

പറയാതെ പോയവള്‍ക്ക് 
 

ഒരിക്കലും നിലക്കാത്ത
ഒരു നിലവിളി
നെഞ്ചിൽ കുഴിച്ചിടുന്നു
പ്രിയപ്പെട്ടവളെ .. .


ഇതു കായ്ക്കും
മരമാകും ,
പൂക്കും
അന്നെല്ലാ ഇലകളിലും
നിന്റെ
പേരെഴുതി
വസന്തതോട്
ഞാൻ പകരം ചോദിക്കും ...
ആപ്പിള് വിളയാത്ത പ്രണയത്തിന്റെ ഏദന്‍തോട്ടം

സ്കൂളിലേക്കുള്ള വഴിയില്‍,
വായന ശാലയുടെ കോണില്‍,
പാപ്പന്റെ പെട്ടിക്കടയില്‍,
റേഷന്‍ കടയുടെ മുന്നില്‍,
കുളിക്കടവില്‍,
ബൈബിള്‍ ക്ലാസില്‍ ,
ഒരിക്കലും എനിക്ക് നിറക്കാന്‍
കഴിയാത്ത നമ്മുടെ
ഹാജര്‍ ബുക്കില്‍,
കാറ്റെടെടുത്ത നമ്മുടെ
വാകച്ചോട്ടില്‍,
റബ്ബര്‍ തോട്ടത്തിലൂടെ
നിന്റെ വീട്ടിലേക്കുള്ള
ഇടവഴിയില്‍ ,
വെള്ളയും നീലയും നിറഞ്ഞ
ആദ്യ ബെഞ്ചിലെ
അവസാന്‍ സീറ്റില്‍,
നീ ഉള്ളത് കൊണ്ട് മാത്രം
ചേര്‍ന്ന മേരി ചേച്ചിയുടെ
ട്യൂഷന്‍ ക്ലാസില്‍,
കുന്തിരിക്കം മണക്കുന്ന
പള്ളി മുറ്റത്തും,
മാര്‍ബിളും ഗ്രാനൈറ്റും
വിളയുന്ന ശവക്കോട്ടയിലും,
പ്രണയമേ
ഞാന്‍ ഇന്നും നിന്‍റെ
മുഖം കാണാറുണ്ട് ..

ഇന്നും
നിന്‍റെ പേരിന്‍റെ
അവസാന വാക്കില്‍
എന്‍റെ പ്രണയവും
തൂങ്ങി മരിക്കുന്നു...
നിന്നെ കുറിച്ചെഴുതുമ്പോള്‍
ഞാന്‍,
കുമ്പസാരക്കൂട്ടില്‍
തലതല്ലി മരിച്ച
വൈദീകനാകുന്നു ...
ഉമ്മ  മരം 


ഒന്നുമില്ലാത്തൊരു പകല്‍
തലേന്നടിച്ച
പൈന്റിന്‍റെ ബലത്തില്‍
ഇരുപതോന്നിന്റെ ചൂടില്‍
മരം വെട്ടുകാരനായ
അവന്‍ ആ മല കയറുമ്പോള്‍
മല മുകളില്‍
ഒരു മരം
ദൈവത്തോട്
സംസാരിക്കുകയായിരുന്നു ...

തൈ മരം ..
നോവും,
അവനറിഞ്ഞു ..
വെട്ടി വീഴ്ത്തിയില്ല ,
ചുവടോടെ
പിഴുതെടുത്തു..
വേരുകള്‍ കരഞ്ഞു
ചില്ലകള്‍
ചേര്‍ത്തുപിടിച്ചു
അവിടെ "ഒരാകാശം"
കുന്നിന്റെ
ഒരു മൂലയില്‍ നിന്ന്
ചാടി മരിച്ചത് മാത്രം
ആരുമറിഞ്ഞില്ല ...

നിറയെ വെള്ളമുണ്ടായിട്ടും
നിറയെ
മഴ പെയ്തിട്ടും
വറ്റി വരണ്ടൊരു
മണ്ണില്‍
ഹൃദയത്തോളം
ആഴത്തില്‍
തടമെടുത്തു പിന്നവനത്
നട്ടു...

ആ മരത്തില്‍ ഇന്നു
നിറയെ
ഉമ്മകള്‍ പൂക്കുന്നു..
എന്‍റെ ഉമ്മകള്‍
പൂക്കുന്ന
മരം ....
വവ്വാല്‍.. 
 

തൂങ്ങി മരിച്ചാല്‍
ഞാനൊരു
വവ്വാലായി
അമ്പല പറമ്പിലെ
ആല്‍മരത്തില്‍
ലോകം കാണെ
തലകീഴായി ,
തൂങ്ങി കിടക്കും
എന്ന് പറഞ്ഞവനെ
കൂട്ടുകാരാ,
ഞാന്‍ അന്ന് ചിരിച്ചടാ
മാപ്പ് ചോദിക്കുന്നു,
ഇന്നീ കെട്ട ലോകത്തില്‍
എനിക്കും വവ്വാലാകണം,
എനിക്കും
നിന്നെ പോലെ
തല തിരിഞ്ഞ
ലോകം കാണണം ..

തല തിരിഞ്ഞ ലോകത്തില്‍
നേരെ നിക്കുന്നതിനാല്‍
മാത്രം
മരിച്ചവരും ,
മരിക്കപ്പെട്ടവരുമാകാം
വവ്വാലുകളാകുന്നത്.
നമ്മുടെ തലയ്ക്കു മുകളില്‍
അവര്‍
തലതിരിഞ്ഞു
തല തിരിഞ്ഞ
ലോകം കാണുന്നു ........

Wednesday, October 23, 2013

വിശക്കുന്ന ദൈവങ്ങള്‍...


"തീന്‍ മേശയില്‍ നിന്ന്
ഇറങ്ങി ഓടുന്ന
അപ്പ കഷണം
വിശക്കുന്നൊരു
വയറു തിരയുന്നു "

എഴുതി തുടങ്ങും മുമ്പേ
അനിയന്‍ ചോദിച്ചു
ചേട്ടായി
ദൈവത്തിനു വിശക്കുമോ??

ഒരു ചോദ്യം
ഒരു രാജ്യമായി
അവനവിടെ രാജാവും

വിശക്കുന്നവന് ഒരു
ദൈവമുണ്ടെങ്കില്‍
അവന്‍റെ സുവിശേഷത്തില്‍
എന്തുണ്ടാകും ?
അവന്റെ പെരെന്താകും ?
അവനു വിശക്കുമോ ?
അവനായി പെരുന്നാളുകള്‍
നടത്തപെടുമോ?

ഞാന്‍ ബൈബിളില്‍
മുങ്ങി തപ്പി കിട്ടിയില്ല,
ഖുറാനില്‍ തിരഞ്ഞു കണ്ടില്ല,
പുരാണങ്ങളില്‍ പരതി
ഇല്ലേയില്ല ,
ആരും വിശക്കുന്നവനെ
കാണുന്നേ ഇല്ല,

തീന്‍ മേശയില്‍ നിന്ന്
ഇറങ്ങി ഓടുന്ന
അപ്പ കഷണം
വിശക്കുന്നൊരു
വയറു തിരയുന്നു,

വിശക്കുന്നൊരു വയററിയുമ്പോള്‍
വിശപ്പു മാറ്റുമ്പോള്‍
നീയും ഞാനും
ദൈവമാകുന്നു
വിശക്കുന്ന ദൈവങ്ങള്‍..

എഴുതി തീരത്ത്
അനിയനെ വിളിച്ചു,
"ദൈവത്തിനു വിശക്കും"
ഞാന്‍ രാജാവിന്‍റെ
മുന്നില്‍
നഗ്നനായി...

സമത്വം....

യൂഡികോളോണും ,
ഈവനിങ്ങ് പാരീസും,
ഊദും,പെട്രോളും
റിയാലും
മണക്കുന്ന തെരുവുകളില്‍
ഓരോ വസ്ത്രത്തിലും
ഓരോ പൂക്കാലം
കൊണ്ട് നടക്കുന്നവര്‍ക്കിടയില്‍
തോട്ടി പണിക്കാരനും
വിയര്‍പ്പു ചുമക്കുന്നവനും
ചേര്‍ന്ന് വരുമ്പോള്‍
മറ്റൊരു "പൂക്കാലം"
ഉണ്ടാകില്ലെന്നറിഞ്ഞിട്ടും
അവര്‍,
സമത്വം
സ്വപ്നം കാണുന്നു..

"സമത്വം "പോലും,

എന്‍റെ സമത്വ
സങ്കല്‍പ്പത്തിന്
മുകളില്‍
ഇപ്പോഴും
"ഒരു പത്രക്കഷണം"
കുലുങ്ങി
ചിരിക്കുന്നുണ്ട് ...


Saturday, October 12, 2013


കടലില്‍ നിന്നും കരയിലേക്കുള്ള വഴി 


ഇരുട്ടു പൂക്കുമ്പോള്‍
ചിലപ്പോള്‍
വീട്ടിലേക്കുള്ള വഴിയില്‍
നിറഞ്ഞൊഴുകുന്നൊരു
കടലുണ്ട് ..

വരവ്
ഞാനറിയും
അനിയനറിയും , അമ്മയറിയും,
മതിലുകള്‍ക്കപ്പുറം
ചിലരില്‍ പരിഹാസ
ചിരി പടരുമ്പോള്‍
കുഞ്ചിപട്ടി
മാത്രം സന്തോഷിക്കും..

കടല്‍
വീടോടക്കുബോള്‍
ഓടി ഒളിക്കാന്‍ തോന്നും,
പുറകിലേക്ക് നീന്തിയിട്ടും
വീണ്ടും വീണ്ടും
തന്നിലേക്ക് വലിച്ചടുപ്പിക്കും
അപ്പോള്‍
അനിയന്‍ ചേര്‍ത്ത് പിടിക്കും ..
അമ്മയുടെ കണ്ണിലൂടെ
ഒരു പുഴ ഒഴുകി
ചാണകം മെഴുകിയ
തറയില്‍ വീണു കറുക്കുമ്പോള്‍
ജീവന് നിറം കറുപ്പാകും
എന്നും..

വേലിയിറക്കങ്ങളില്‍,
കടല്‍ കാണാതാകും,
ഒരു ചിരിയില്‍
തഴമ്പിച്ച കയ്യിലെ
ഒരു മുറുക്കത്തില്‍
എന്നെ എഴുതി എടുക്കും ..
കരയില്‍
ബാക്കിയാകുന്നത് പെറുക്കി
അടുക്കി വെക്കുമ്പോള്‍
ഞാന്‍ ബൈബിളിലെ
യോനയെ ഓര്‍ക്കും,
ഞാനാണ് യോനയെന്നു കരുതും
കടലില്‍ വീഴുമ്പോള്‍
വിഴുങ്ങുന്ന മീനിനെ
എന്നും കൊതിക്കും,
മറ്റൊരു കരയില്‍
കൊണ്ടിടുന്നത്‌
സ്വപ്നം കാണും..

എത്ര കൊതിച്ചിട്ടും
ജീവിതം
എത്ര വെളുത്തിട്ടും
കടലെന്നെ വീണ്ടും
വലിച്ചടുപ്പിക്കുമ്പോള്‍
എന്‍റെ
മീനെ നീ എവിടെയാണ് ??
എന്‍റെ വിപ്ലവങ്ങളുടെ ദൈവമേ, നീ മാത്രം വിശുദ്ധനാകുന്നു

പ്രായപൂര്‍ത്തിയായ
"ദൈവം"
പ്രായപൂര്‍ത്തി ആകാത്ത
കുട്ടിയെ
ബലാല്‍സംഗം ചെയ്തു
ഉടലോടെ "സ്വര്ഗം"
പൂകി..

സ്വര്‍ഗം പൂകിയ മറ്റു
"വിശുദ്ധര്‍ക്കൊപ്പം"
നീതി ദേവതയുടെ
പാവാട മുകളിലിരുന്ന്
ഇപ്പോള്‍ കല്ലുകളിക്കുന്നു
ദൈവം ..
ദൈവകോപം ഭയന്ന്
അവന്‍ വിശുദ്ധനെന്ന്
പുരോഹിത , ന്യായാധിപ
ഭരണ വര്‍ഗം ...

ദൈവ കിങ്കരന്മാര്‍
തെരുവുകളിലൂടെ അവന്‍റെ
സുവിശേഷം പാടി അലയുന്നു
ദൈവത്തിനായി ഓശാന പാടുന്നു
അവന്‍റെ രണ്ടാം വരവിനായി
കാത്തിരിക്കുന്നു..

"കൈ നിറയെ
കാശ് കൊടുത്താല്‍
ആരുടേയും
കൂടെ കിടക്കുന്ന
വേശ്യയാണ് നിയമം"
എന്നത് പാഠപുസ്തകത്തില്‍
ഉള്‍പ്പെടുത്തണം
എന്നാവശ്യപെട്ട്
ഒരു വിപ്ലവം
വരാനിരിക്കുന്നു..

എന്‍റെ
വിപ്ലവങ്ങളുടെ ദൈവമേ
നീ മാത്രം,
വിശുദ്ധനാകുന്നു ............



Nb: സ്പെഷ്യല്‍ ഡഡികേഷന്‍ ആശാരാം ബാപ്പു(മനുഷ്യ ദൈവം ) 16 കാരിയെ ബലാല്‍സംഗം ചെയ്തു എന്നാ കുറ്റത്തിന് ഇപ്പോള്‍ ജെയിലില്‍ കഴിയുന്നു..

Tuesday, August 20, 2013






വെട്ടികളഞ്ഞ വാക്ക് ..

ആരും കാണാതെ
എഴുതി നീ
ഒളിച്ചുവെച്ച
നിന്‍റെ കവിതയിലെ
ഇഷ്ടമായിരിന്നിട്ടും
വെട്ടികളഞ്ഞ
"വാക്കായിരുന്നു
ഞാന്‍""...

Friday, August 16, 2013



അവസാന പേജ്....




നിനക്കിഷ്ട്ടമുള്ള
കവിതയുടെ രണ്ടു വരി
എനിക്കായി
കുറിക്കണം എന്ന്
പറഞ്ഞപ്പോ
ഞാന്‍ അറിഞ്ഞിരുന്നില്ല
പ്രിയ കൂട്ടുകാരാ,
എന്‍റെ പലവക
പുസ്തകത്തിന്റെ
അവസാന പേജില്‍
നീ നിന്‍റെ ജീവന്റെ
നേരിനാല്‍
"" വിശപ്പ്‌"
എന്ന്
കുറിച്ചിടുമെന്നു..


എന്‍റെ ഹൃദയത്തിന്റെ
ഒരു കോണില്‍ ഞാന്‍
ഇന്നും
കീറാതെ സൂക്ഷിച്ചിട്ടുണ്ട്
ആ പേജ്.....


കുപ്പിപ്പുഴ 

 
ലെബാനോനില്‍ നിന്നുള്ലോരു
പുഴയെ ഞാന്‍ ഇന്നു
ഒരു റിയാല്‍
കൊടുത്തു വാങ്ങി,
കുപ്പിയില്‍ വര്‍ണ കടലാസില്‍
അവളുടെ ചരമ
കുറിപ്പുപോലെ
പേരും നാളും
ഒപ്പം ലോവസ്റ്റ്‌ ഇന്‍
സോഡിയം എന്നും
കുറിച്ചിരുന്നു

നിളയെ, പെരിയാറെ ഞാന്‍
നിങ്ങളെ ഓര്‍ത്തു
എന്‍റെ മുവാറ്റുപുഴയാറെ
എന്നും പോലെ
ഞാന്‍ നിന്നില്‍
മുങ്ങി നിവര്‍ന്നു ..

നീ കരയുന്നു,
ഞാന്‍ അറിയുന്നുണ്ട് ...
മാപ്പ്
എല്ലാത്തിനും ............................




കുറിപ്പ് : (ലെബാനോനിലെ സന്നിനെ എന്നാ പര്‍വതത്തില്‍ നിന്ന് ഒഴിക്കുന്ന മനോഹര നദി ബെര്‍ധവ്നി, ആ പേരില്‍ തന്നെ കമ്പനി വെള്ളം വിക്കുന്നു "" Berdawni Natural Mineral water "" .. സപ്ലൈ ചെയ്യുന്നത് ലിബര്‍ട്ടി ഗ്രൂപ്പ്‌ ദോഹ )

Sunday, August 11, 2013



നിഴലുകള്‍ കരയാറില്ല

പരിചിതമായ
പല മുഖങ്ങളും
തന്നു മടങ്ങുന്ന
കനമുള്ള
അപരിചിതത്വം ..

എന്നിട്ടും,
എന്തെ നാം
കാണ്ന്നില്ല ,
വെയിലിന്‍
മറവില്‍
ഉമ്മവെച്ചു വീണ്ടും
യാത്ര പറയും
നമ്മുടെ നിഴലുകളെ .........

Saturday, August 10, 2013

 
കൈലേസിലെ മഴ
നിന്നെ അവസാനമായി
കണ്ടു മടങ്ങും വഴി ,
ഒരു മഴ ഞാന്‍
കൈലേസില്‍
പൊതിഞ്ഞു
സൂക്ഷിചിട്ടുണ്ട്..

എന്തിനെന്നോ ??
വെറുതെ,
വരും
കൊടും വേനലില്‍
വെന്തു
മരിക്കാതിരിക്കാന്‍ ...............

Wednesday, June 5, 2013



വരിക നമുക്ക് ഒന്നിച്ചിരുന്നു കുറ്റം പറയാം


വരിക ,
പച്ചപ്പിന്‍റെ അവസാന തുരുത്തിലും
കൊണ്ക്രീറ്റു പാകി
നമുക്ക്
മഴയെ കുറ്റം പറയാം ,
പെയ്യാതെ ഇരിക്കുന്നതിനു
കൊതി കുത്താം ...
ഒരു കെട്ട് കഥയാണ്
മഴയെന്നു തലമുറകളെ
പറഞ്ഞു
പഠിപ്പിക്കാം,

എന്നിട്ട് ..
ശീതികരിച്ച മുറിയില്‍ നമുക്ക്
പ്രികൃതിയെ കുറിച്ചു
സംസാരിക്കാം,
ചര്‍ച്ച നടത്താം,
കവിത കുറിക്കാം,
കുപ്പി വെള്ളം കുടിക്കാം ...


സ്വന്തമായി നിറയെ
വെള്ളമുള്ള
കിണറ്ള്ളവന്
മകളെ വിവാഹം
ചെയ്തു കൊടുക്കപ്പെടും
എന്ന ഒരച്ഛന്റെ
പരസ്യം കണ്ടു
പൊട്ടിച്ചിരിക്കുന്ന
ഒരമ്മ...
കൊണ്ക്രീറ്റു കാടുകളില്‍
നല്ല നാളെയെ സ്വപ്നം
കാണുന്ന യവ്വനം...
ഭൂമിയെ അറിയാത്ത മക്കള്‍ ..
പിന്നെ
നീ ഞാന്‍ ........

Saturday, May 4, 2013



തെറ്റിയത്.



പകല്‍ വെളിച്ചത്തില്‍
കണ്ണ് തുറന്നിരിക്കെ
കണ്ടൊരു സ്വപ്നം,
നീയും ഞാനും ...

നിറയെ അക്ഷര തെറ്റുള്ള കവിത
പോലെ പ്രണയം ..

ചോദ്യങ്ങള്‍ക്ക് മുന്നേ
കുറിച്ച ചോദ്യചിഹ്നങ്ങള്‍
പോലെ ഇനിയും നമ്മള്‍
എത്ര നാള്‍ ....

നരകത്തിന്റെ കാവല്‍ക്കാര്‍ .


ഇപ്പോള്‍
ഞാന്‍
നരക കവാടത്തില്‍ ,
വഴി തടഞ്ഞു കണക്കെടുക്കുന്ന
തലയില്ലാത്ത കാവല്‍ക്കാരന്‍ ,
ട്രാഫിക്‌ ജാം ..
മുന്നില്‍ മിന്നി മറയുന്ന
മഞ്ഞ വെളിച്ചം,
ഒരിക്കലും കത്താത്ത ചുവപ്പ് ,
ദൈവങ്ങള്‍ക്ക് മാത്രമായി പച്ച ,

നരക ഭിത്തികളില്‍
പരസ്യം പതിക്കുന്ന ദൈവ
കിങ്കരന്‍മാര്‍,
""സ്വര്‍ഗം ഓഫ്‌റുകളുടെ
മഹാ പ്രിപന്ജം""
സ്വര്‍ഗത്തിന്‍റെ വര്‍ണ
ചിത്രങ്ങള്‍,
സ്വര്‍ഗം പല രൂപത്തില്‍
പല കളറില്‍ ....

നിര്‍ത്തി ഇട്ടിരിക്കുന്ന
വണ്ടിയില്‍
ചാരിയിരുന്നു ബീഡി
വലിക്കുന്ന ഒരുവന്‍, കൂടെ
ഒരുപറ്റം ആളുകള്‍ ,
അവന്‍ സ്വര്ഗത്തെ കുറിച്ച്
ക്ലാസ്സെടുക്കുന്നു ,
പട്ടിണിയെ കുറിച്ച്
വാ തോരാതെ സംസാരിക്കുന്നു ,
കൂടി നിന്നവര്‍
കയ്യടിക്കുന്നു.

ആരാണ് നീ എന്നാ
എന്റെ ചോദ്യത്തിന്
അവന്‍ "ഞാനും ദൈവമാണ് എന്ന്
മറുപടി തന്നു,
കൂടെ ബീഡിയും"
ഒരുമിച്ചു പുക
ഊതി വിടുമ്പോള്‍
ഞാനും പയ്യെ
ദൈവമാകാനുള്ള
തയ്യാറെടുപ്പില്‍ ആണ്....



ലേബല്‍ : To all my ആള്‍ദൈവംസ്‌..

Tuesday, April 2, 2013

നയോമി ...

അവള്‍ എന്നോടൊന്നും ചോദിച്ചില്ല ...
ഞാന്‍ പേര് ചോദിച്ചു പറഞ്ഞില്ല ..
ആകാശത്തെ കുറിച്ചും , നക്ഷത്രങ്ങളെ കുറിച്ചും ,
ദൈവത്തെ കുറിച്ചും
ഞാന്‍ അവളോട്‌ സംസാരിച്ചു ..
എന്നിട്ടും അവള്‍ മറുപടി തന്നില്ലാ...
ചിലപ്പോള്‍ അവള്‍ എന്നോടും
വാ തോരാതെ സംസാരിച്ചു
അതോ എനിക്കൊന്നും മനസിലായിലായതുമില്ല
പക്ഷെ ഞാന്‍ കൈ നീട്ടിയപ്പോള്‍
" എനിക്കെന്‍റെ ബാല്യം അവള്‍ തിരികെ തന്നു" ...

മനോഹരമായ , സന്തോഷം നല്‍കുന്ന
എന്നതൊക്കെ ആണ് നിന്റെ പേരിന്‍റെ
അര്‍ത്ഥമെന്ന് ഞാന്‍ പറഞ്ഞു നോക്കി
ആവള്‍ എവിടെ കേക്കാന്‍..
ചിലപ്പോ കണ്ണിറുക്കി ....

അമ്മയുടെ അമ്മിഞ്ഞ പാലിന്
ഉപ്പ് പോരാ എന്ന് കുറ്റം പറയുന്ന
സര്‍പ്പ സന്ദതികളുടെ നാട്ടില്‍ താന്‍ പിറന്നിരിക്കുന്നു എന്നോ ,കൂടപ്പിറപ്പുകള്‍ തെരുവില്‍
ബലാല്‍സംഗം ചെയ്യപെടുന്നു എന്നോ
അവള്‍ക്കറിയില്ലായിരുന്നു ...
അവള്‍ എപ്പോഴും ചിരിച്ചു ,
ചിലപ്പോള്‍ ഉറക്കെ കരഞ്ഞു ...

ഉറക്കം വന്നപ്പോള്‍
ചോദിക്കാതെ എന്നില്‍ ഉറങ്ങി ...
അവള്‍ ഉറങ്ങിയപ്പോള്‍
പക്ഷെ ""ഞാന്‍ ഉണര്‍ന്നത്
എന്‍റെ ബാല്യത്തിലായിരുന്നു"".............



(ചേട്ടന്‍റെ മകള്‍ പേര് നയോമി )




മൂന്നു വയസ്സുകാരി

വീടിലേക്കുള്ള വഴിയില്‍
ഞാനും ഇന്നൊരു മൂന്നു
വയസുകാരിയെ കണ്ടു ....

പേര് ചോദിക്കേണ്ടി വന്നില്ല
അവളുടെ ചോരപുരണ്ട
വസ്ത്രം കൊണ്ട് മതിലില്‍
ഒരുവന്‍ എഴുതിയിരുന്നു
"ബാല വേശ്യ "...

വീടിന്‍റെ പടികയരുമ്പോള്‍
ഓടി വരാറുള്ള അനിയത്തിയോട്
പറയാന്‍ ഞാന്‍ മനസില്‍
കരുതി വെച്ചിരുന്നു....
"വീടിന്‍റെ മതിലില്‍ നമുക്കും
എഴുതണം "വിവേകാനന്ദ പ്രഭോ
അങ്ങ് പറഞ്ഞ കേരളീയത്തം ഇതാ
സമാഗതം ആയിരിക്കുന്നു """

എന്‍റെ ജനാലയരികിൽക്കൂടിയാണ് അവളുടെ കുതിര ഓടിപ്പോയത് ഞാനപ്പോൾ കുങ്കുമം വീണു ചീത്തയായ ഭൂപടം തുടച്ച് വൃത്തിയാക്കാൻ പരിശ്രമിക്കുകയായിരുന...