Wednesday, November 20, 2013

മുക്കുവ/വാ കടല്‍ 


കഴിഞ്ഞട്ടല്ല
"കടലേ"

 നിന്നെ ഇന്നു
അക്വേറിയത്തിലെ
മീനുകള്‍ക്കിട്ടു കൊടുക്കുന്നു..

ആ മീനുകള്‍
കടലാഴം കാണുകയും
നീന്ദുകയും,
സന്തോഷിക്കുകയും
ചെയ്യുമ്പോള്‍,
നിന്റെ മുക്കുവനിലെ
നിന്നെ,
നിന്നിലെ
കപ്പലിനെ,
കപ്പല്‍ചാലിനെ,
വിളക്കുമരത്തെ,
കാറ്റിനെ,
കടല്‍കാക്കകളെ
മീനുകളെ ,
തീരത്തെ,
തിരയെ ,
എവിടെ
ഒളിപ്പിക്കും ????

Tuesday, November 19, 2013

പെഴച്ചവള്‍...

അവളെ പെഴച്ചവളെന്ന്‍
ആദ്യം വിളിച്ചത് അപ്പനാണ്.
അമ്മക്കും
ഇഷ്ടമല്ലവളെ,
കണ്ടാലുടന്‍
ഓടിമാറുന്നതാണ് പതിവ്.

ഒന്ന് തൊടാന്‍ പോലും അവളെ
അനുവദിക്കാതെ
അകലേന്നു തന്നെ
എല്ലാം
ഒളിച്ചു വെക്കും
വല്യമ്മച്ചി.

മുറ്റത്തോ തൊടിയിലോ
അവക്കൊപ്പം നടന്നാല്‍
അപ്പൊ തുടങ്ങും പുകില് ,
പാട വരമ്പിലൂടെ
അവളെ തോപ്പിച്ചോടിയിട്ടുണ്ട്

ഞാന്‍.

ക്രിക്കറ്റ് കളിക്കുമ്പോള്‍
ചിലപ്പോള്‍ അവളും കൂടും
കുലുങ്ങി ചിരിക്കും,
ദേഷ്യപ്പെടും,
ഒച്ചവെക്കും ..
പിന്നെ കാറ്റിന്റെ മറ പറ്റി
ഒളിച്ചിരിക്കും..
അത്രയ്ക്ക് കൂട്ടായിരുന്നു
ഇഷ്ടമായിരുന്നു.

ഞങ്ങളൊരുമിച്ചെത്ര
യാത്രകള്‍..
പള്ളിക്കൂടങ്ങള്‍
ചായപ്പീടികകള്‍
കളിക്കളങ്ങള്‍...
അതിനും കിട്ടിയിട്ടുണ്ട്
വഴക്ക്.

അങ്ങനെയിരിക്കെ ചിലപ്പോ
അവളൊരു പോക്കങ്ങ്
വെച്ച് കൊടുക്കും.

പിന്നെ ചോദിക്കാതെ,
രാത്രി എന്നോ,
പകലെന്നോ ഇല്ലാതെ
മുന്പെത്തപ്പോലെ
ഒരു താന്തോന്നിയായ്
ജനല് വഴി
വിളിച്ചുണര്‍ത്തും.
പിന്നേം സ്നേഹിക്കും.

വായന ശാലയിലെ ചേട്ടന്‍
അവളെക്കുറിച്ചൊരിക്കല്‍
കവിത
എഴുതിത്തന്നു.
സ്വന്തമെന്നാകെയുള്ള
തലയിണ കീഴെ
കുറെകാത്തു.
പിന്നെയവള് തന്നെ 

കട്ടെടുത്തു.

പ്രണയം തോന്നിയപ്പോള്‍,
കരഞ്ഞപ്പോള്‍ ,
വല്യപ്പന്റെ കുഴി
വെട്ടി മൂടുമ്പോള്‍ ,
അങ്ങേ വീട്ടിലെ കല്യാണത്തിന്
ഇല വിരിക്കുമ്പോള്‍,
പിന്നെ ഓണത്തിന്,
പെരുന്നാളിന്,
അങ്ങനെ അങ്ങനെ ..
കടല്‍ കടന്നു പോരുമ്പോള്‍
അവിടെയും
എല്ലായിടത്തും അവളുണ്ടായിരുന്നു.

"പെഴച്ചവളേ എന്ന്
ഞാന്‍ വിളിച്ചിട്ടുണ്ടോ,
ഇല്ലല്ലോ "??
ഇന്നും ചോദിച്ചു.
മറുപടിയായി
അവള്‍ ചിരിച്ചു ,
ചെറു കാറ്റില്‍
ഒരു തുള്ളി
കവിളില്‍
തൊട്ടു ...............

Wednesday, November 13, 2013

പറയാതെ പോയവള്‍ക്ക് 
 

ഒരിക്കലും നിലക്കാത്ത
ഒരു നിലവിളി
നെഞ്ചിൽ കുഴിച്ചിടുന്നു
പ്രിയപ്പെട്ടവളെ .. .


ഇതു കായ്ക്കും
മരമാകും ,
പൂക്കും
അന്നെല്ലാ ഇലകളിലും
നിന്റെ
പേരെഴുതി
വസന്തതോട്
ഞാൻ പകരം ചോദിക്കും ...
ആപ്പിള് വിളയാത്ത പ്രണയത്തിന്റെ ഏദന്‍തോട്ടം

സ്കൂളിലേക്കുള്ള വഴിയില്‍,
വായന ശാലയുടെ കോണില്‍,
പാപ്പന്റെ പെട്ടിക്കടയില്‍,
റേഷന്‍ കടയുടെ മുന്നില്‍,
കുളിക്കടവില്‍,
ബൈബിള്‍ ക്ലാസില്‍ ,
ഒരിക്കലും എനിക്ക് നിറക്കാന്‍
കഴിയാത്ത നമ്മുടെ
ഹാജര്‍ ബുക്കില്‍,
കാറ്റെടെടുത്ത നമ്മുടെ
വാകച്ചോട്ടില്‍,
റബ്ബര്‍ തോട്ടത്തിലൂടെ
നിന്റെ വീട്ടിലേക്കുള്ള
ഇടവഴിയില്‍ ,
വെള്ളയും നീലയും നിറഞ്ഞ
ആദ്യ ബെഞ്ചിലെ
അവസാന്‍ സീറ്റില്‍,
നീ ഉള്ളത് കൊണ്ട് മാത്രം
ചേര്‍ന്ന മേരി ചേച്ചിയുടെ
ട്യൂഷന്‍ ക്ലാസില്‍,
കുന്തിരിക്കം മണക്കുന്ന
പള്ളി മുറ്റത്തും,
മാര്‍ബിളും ഗ്രാനൈറ്റും
വിളയുന്ന ശവക്കോട്ടയിലും,
പ്രണയമേ
ഞാന്‍ ഇന്നും നിന്‍റെ
മുഖം കാണാറുണ്ട് ..

ഇന്നും
നിന്‍റെ പേരിന്‍റെ
അവസാന വാക്കില്‍
എന്‍റെ പ്രണയവും
തൂങ്ങി മരിക്കുന്നു...
നിന്നെ കുറിച്ചെഴുതുമ്പോള്‍
ഞാന്‍,
കുമ്പസാരക്കൂട്ടില്‍
തലതല്ലി മരിച്ച
വൈദീകനാകുന്നു ...
ഉമ്മ  മരം 


ഒന്നുമില്ലാത്തൊരു പകല്‍
തലേന്നടിച്ച
പൈന്റിന്‍റെ ബലത്തില്‍
ഇരുപതോന്നിന്റെ ചൂടില്‍
മരം വെട്ടുകാരനായ
അവന്‍ ആ മല കയറുമ്പോള്‍
മല മുകളില്‍
ഒരു മരം
ദൈവത്തോട്
സംസാരിക്കുകയായിരുന്നു ...

തൈ മരം ..
നോവും,
അവനറിഞ്ഞു ..
വെട്ടി വീഴ്ത്തിയില്ല ,
ചുവടോടെ
പിഴുതെടുത്തു..
വേരുകള്‍ കരഞ്ഞു
ചില്ലകള്‍
ചേര്‍ത്തുപിടിച്ചു
അവിടെ "ഒരാകാശം"
കുന്നിന്റെ
ഒരു മൂലയില്‍ നിന്ന്
ചാടി മരിച്ചത് മാത്രം
ആരുമറിഞ്ഞില്ല ...

നിറയെ വെള്ളമുണ്ടായിട്ടും
നിറയെ
മഴ പെയ്തിട്ടും
വറ്റി വരണ്ടൊരു
മണ്ണില്‍
ഹൃദയത്തോളം
ആഴത്തില്‍
തടമെടുത്തു പിന്നവനത്
നട്ടു...

ആ മരത്തില്‍ ഇന്നു
നിറയെ
ഉമ്മകള്‍ പൂക്കുന്നു..
എന്‍റെ ഉമ്മകള്‍
പൂക്കുന്ന
മരം ....
വവ്വാല്‍.. 
 

തൂങ്ങി മരിച്ചാല്‍
ഞാനൊരു
വവ്വാലായി
അമ്പല പറമ്പിലെ
ആല്‍മരത്തില്‍
ലോകം കാണെ
തലകീഴായി ,
തൂങ്ങി കിടക്കും
എന്ന് പറഞ്ഞവനെ
കൂട്ടുകാരാ,
ഞാന്‍ അന്ന് ചിരിച്ചടാ
മാപ്പ് ചോദിക്കുന്നു,
ഇന്നീ കെട്ട ലോകത്തില്‍
എനിക്കും വവ്വാലാകണം,
എനിക്കും
നിന്നെ പോലെ
തല തിരിഞ്ഞ
ലോകം കാണണം ..

തല തിരിഞ്ഞ ലോകത്തില്‍
നേരെ നിക്കുന്നതിനാല്‍
മാത്രം
മരിച്ചവരും ,
മരിക്കപ്പെട്ടവരുമാകാം
വവ്വാലുകളാകുന്നത്.
നമ്മുടെ തലയ്ക്കു മുകളില്‍
അവര്‍
തലതിരിഞ്ഞു
തല തിരിഞ്ഞ
ലോകം കാണുന്നു ........

എന്‍റെ ജനാലയരികിൽക്കൂടിയാണ് അവളുടെ കുതിര ഓടിപ്പോയത് ഞാനപ്പോൾ കുങ്കുമം വീണു ചീത്തയായ ഭൂപടം തുടച്ച് വൃത്തിയാക്കാൻ പരിശ്രമിക്കുകയായിരുന...