Monday, January 15, 2018

മൂന്നു മുറിവുകളുമായി
അവനൊരു രാത്രി
എന്റെ മുറ്റത്തു വന്നു ,
ബുറണ്ടിയിലെ മലനിരകളില്‍
നിന്ന് കേൾക്കുന്ന ...
വിചിത്രമായ ശബ്ദങ്ങൾ പോലെ
കനമുള്ളതായിരുന്നു
അവന്റെ നിലവിളികൾ..


ആരോ പിന്തുടരുന്നുണ്ടെന്നും
രാത്രിയെ ഭയമാണെന്നും
അവനെന്റെ അമ്മയോട്
പറയുന്നുണ്ടായിരുന്നു..

എന്തോർത്തിട്ടാണോ എന്നറിയില്ല
ആദ്യമായി അന്നു രാത്രിയിൽ
അമ്മ പട്ടികളെ
തുറന്നു വിട്ടില്ല,
ആടുകളെ ഒക്കെയും
കെട്ടഴിച്ചു വിട്ടു
വാതിലുകളെല്ലാം തുറന്നുമിട്ടു .....

ഞങ്ങൾ കുറേനേരം
ആകാശം നോക്കി കിടന്നു
ഒരു നക്ഷത്രം പോലുമില്ലാത്ത രാത്രിയിൽ
അവനാ പാട്ടുപാടി
കുന്നിറങ്ങി വന്ന
ആ പതിനഞ്ച് പേർക്കൊപ്പം
അവരുടെ പാട്ടായി
അവനിറങ്ങി പോയി..

ഞാനിന്നിവിടെ തനിയെ
ആകാശം നോക്കി കിടക്കുന്നു,
നീയെവിടെയാണ്
പള്ളിയിലേക്ക് പോകും വഴി
അമ്മ ആടിനേയും
കൂടെ കൂട്ടി,
എന്റെ കയ്യിൽ ഒരു കുറ്റിയും
അമ്മയുടെ കയ്യിൽ ...
ആടിന്റെ
കയറും..
ആട് മുന്നേ നടന്നു..
ഞാൻ ഗോഗുൽത്താ മലയിലേക്കു
നടക്കുന്ന
ക്രിസ്തുവിനെ പോലെ
ആടിന്റെ പിന്നാലെയും

പള്ളിയുടെ അടുത്ത്
നിറയെ പുല്ലുള്ളിടത്തു
ആടിനെ കുറ്റിയിൽ കെട്ടി
കുറ്റിയിലും ,ആടിന്റെ കഴുത്തിലും
മുറുക്കമുള്ള കെട്ട്..

ആട് പുല്ലു തിന്നുന്നു
കുറ്റി, അതിർത്തിയിലെ
പട്ടാളക്കാരൻപോലെ
ജാഗരൂകനും ...

ഞാൻ പള്ളിയിലേക്ക്
നടന്നു
അവിടെ
നിറയെ ആടുകൾ
പുല്ലു തിന്നുന്നു...

മറന്നുപോയൊരു
അത്താഴത്തിന്റ രാത്രിയിൽ
നീയെനിക്കു പകർന്നുതന്ന
വീഞ്ഞു കോപ്പയിൽ
ഞാൻ എന്നെ ...
കണ്ടെത്തുമ്പോൾ
ഏതോ ഗ്രാമത്തിൽനിന്നു
കുട്ടനിറയെ ഓറഞ്ചുമായി
വഴിയരികിൽ,
വരാനിരിക്കുന്ന
ആരെയോ കാത്തുനിൽക്കുന്ന
കുട്ടിയായിരുന്നു ഞാൻ..

ഇസ്താംമ്പൂളിൽ
പകല്സതമിക്കുമ്പോൾ
ഇന്നു ഞാൻ
നിന്നെയോർക്കുന്നു..
നാണയത്തുട്ടുകൾക്കു വേണ്ടി
പാടുന്ന
റെഡ് ഇന്ത്യൻ വസ്ത്രമണിഞ്ഞ
പാട്ടുകാരോട്
ഒരാൾ ഉറക്കെ
പറയുന്നുണ്ടായിരുന്നു
പ്ലീസ്‌ സിങ് ഫോർ മൈ സോൾ ....

Friday, September 8, 2017

യുദ്ധത്തില്‍
മരിച്ച കുട്ടികള്‍
അമ്മമാരുടെ
ചുരത്താതെപോയ മുലകള്‍,

പ്രാവുകള്‍ .....

ഒലിവിലകളാല്‍ അലങ്കരിച്ച
സമാധാന സന്ദേശങ്ങൾ
കുത്തിനിറച്ച
കവചിത വാഹനം..
അവരുടെ വീട്ടിലെ
പട്ടം പറത്തുന്ന കുട്ടികള്‍

പൂമ്പാറ്റകള്‍ .....
നിനക്ക് സുഖമാണോ ?
എവിടെയാണ്?
എന്തെടുക്കുന്നു ?
എന്നാണു വരുന്നത് ?
നീ ഇതൊന്നും ചോദിച്ചിട്ടില്ല
ചോദിച്ചതിത്ര മാത്രം

നീ വല്ലതും കഴിച്ചോ ??


രാത്രിയോട് ഞാൻ
എന്തിനു കലഹിക്കണം ?
നക്ഷത്രങ്ങൾ ഊതിക്കെടുത്തി
പിന്നലൊളിപ്പിക്കാൻ
നീ വരും
എന്നൊക്കെ ഞാൻ
വെറുതെ കള്ളം
പറഞ്ഞതാണു,

ഈ രാത്രിയും കടന്നു പോകും
നാളെയും ഞാൻ നിന്നെയോർക്കും
അവസാന അത്താഴത്തിന്റെ രാത്രിയിൽ
ആ നെറ്റിയിലെ ചുംബനം
എന്റെ സ്നേഹമായിരുന്നു

നീ കേൾക്കുന്നുണ്ടോ
തോറ്റു പോയവർ പാടുന്ന
പാട്ടാകണം നമുക്ക് ............

Sunday, May 7, 2017ആത്മഹത്യ ചെയ്ത
കൂട്ടുകാരിക്കയച്ച
കത്ത് ഇന്നലെ
തിരിച്ചു വന്നു,
അവനും മരിച്ചുപോയെന്ന്
പറഞ്ഞു
പോസ്റ്റ്മാനത്
തിരിച്ചു കൊടുത്തു വിട്ടു


അയാള്‍ക്കത് തുറക്കാം
വായിക്കാം
അല്ലാതെയും ഇരിക്കാം,
കീറികളയാം,
വള്ളമോ
വിമാനമോ ഉണ്ടാക്കാം,
മേശ തുടക്കാം,
എവിടെ എങ്കിലും മറന്നു വെക്കാം,
മറ്റാര്‍ക്കെങ്കിലും മാറി കൊടുക്കാം
വിറകോ
ബീഡിയോ കത്തിക്കാം,
വായിലെ ബബിള്‍ഗമോ
മുറുക്കാനോ പൊതിഞ്ഞു
ദൂരെ എറിയാം


ഞാനിപ്പോള്‍
അതോര്‍ത്തിരിക്കുന്നു
വെറുതെ
വല്ലാതെ ബോറഡിക്കുന്നു.....


മൂന്നു മുറിവുകളുമായി അവനൊരു രാത്രി എന്റെ മുറ്റത്തു വന്നു , ബുറണ്ടിയിലെ മലനിരകളില്‍ നിന്ന് കേൾക്കുന്ന ... വിചിത്രമായ ശബ്ദങ്ങൾ പോലെ കന...