Tuesday, December 4, 2018


എന്‍റെ ജനാലയരികിൽക്കൂടിയാണ്
അവളുടെ കുതിര ഓടിപ്പോയത്
ഞാനപ്പോൾ
കുങ്കുമം വീണു ചീത്തയായ ഭൂപടം
തുടച്ച് വൃത്തിയാക്കാൻ
പരിശ്രമിക്കുകയായിരുന്നു
അമ്മയാകട്ടെ,
വെളുത്തകുപ്പായത്തിൽ
പശുക്കിടാവിന്‍റെ ചിത്രം
തുന്നിച്ചേർക്കുന്ന
തിരക്കിലും…
കുതിരയെ അന്വേഷിച്ചവൾ
വരുമെന്നെനിക്കറിയാം
ആയിരം ആടുകൾ ഉണ്ടെങ്കിലും
ഒന്നിനെ കാണാതെ പോയാൽ
തേടി വരുന്നൊരു
ഇടയ പെൺകുട്ടിയാണവൾ...
ഒരു നിലവിളി
ആടുകളുടെ കരച്ചിലുകൾക്കിടയിൽ
ലയിച്ചില്ലാതാകുന്ന പോലെ
അവളെ കാണാതെ പോയിരിക്കുന്നു…
എന്‍റെ രാജ്യത്തിന്,
ഹൃദയമില്ലെന്നും
പകരം അവിടെയിപ്പോൾ
മതമാണെന്നും
എനിക്കറിയാം…
ഇന്നിതാ
അവളുടെ രാജ്യവും
അവളിൽ നിന്ന്
ജീവനോടൊപ്പം
കൊള്ളയടിക്കപ്പെട്ടിരിക്കുന്നു…
നിശബ്ദത എന്‍റെ ചുണ്ടുകളിൽ
കാമുകിയുടെ പൂച്ചക്കുട്ടിയെപ്പോലെ
പതുങ്ങി നിൽക്കുന്നു
വിപ്ലവകാരികളുടെ
രഹസ്യക്യാമ്പിൽ
ഒളിച്ചുകടന്ന പോലീസുകാരനെ പോലെ
എന്‍റെ ആത്മാവെന്നോട്
കലഹിക്കുന്നു...
എല്ലാം എത്ര വിചിത്രമായിരിക്കുന്നു…
യുദ്ധത്തിൽ മരിച്ച കുട്ടികളുടെ
മ്യൂസിയത്തിൽ
താഴേക്കു വീഴുന്ന ബോംബിനെ
കളിപ്പാട്ടമാണെന്നു കരുതി
പിടിക്കാനോടുന്ന കുട്ടിയുടെ
ചിത്രമുണ്ട്.
ടാങ്കിനെ‌ കല്ലെറിയുന്ന
കുട്ടിയുടെ ചിത്രം വലിയ വിലക്കാണ്
വിറ്റുപോകുന്നത്.
''സമാധാന സന്ദേശങ്ങൾ പൊട്ടിമരിച്ച കുട്ടികൾ…''
ഹാ! എത്ര മനോഹര കവിതയാണത്…
മലഞ്ചെരിവുകളിൽ നിന്നും
എനിക്കായ്
പൂക്കളിറുത്തുകൊണ്ടു വന്ന
അവളോടൊരിക്കൽ
ഞാൻ പറഞ്ഞിരുന്നു…
നിനക്കറിയുമോ!
ക്രിസ്തുവും, കൃഷ്ണനും, മുഹമ്മദുമെല്ലാം
ആട്ടിടയന്മാരായിരുന്നെന്ന്...
ചുവന്ന പൂവുകളുമായി
ഇപ്പോഴും
അവളെന്നെത്തന്നെ തുറിച്ചു
നോക്കുന്നപോലെ,
എന്നോട് തന്നെ വെറുപ്പ് തോന്നുന്നു…
അവളെന്‍റെ മകളാണെന്ന്‌
തോന്നാതെ ഇരിക്കുന്നതിന്…
എന്‍റെ പെങ്ങളാണെന്ന്
തെരുവിൽ ഉറക്കെ വിളിച്ചു പറയാത്തതിന്…
എന്‍റെ ജീവിതം
ഇങ്ങനെ തന്നെ
മുടക്കില്ലാതെ തുടരുന്നതിന്…
ശവക്കുഴികൾ എന്നെ
വിചാരണ ചെയ്യും മുന്നേ
ഒന്ന് പറയട്ടെ
അവർ നിങ്ങളുടെ
കറുത്ത പ്രാവുകളെ തിരഞ്ഞു പിടിച്ചു
ചുട്ടുതിന്നും മുന്നേ…
വേട്ടപ്പട്ടികളുടെ
ഓരിയിടലിൽ
ചെന്നായ്ക്കൾ
വിശുദ്ധരാകും മുന്നേ…
വയലുകൾക്കു തീയിട്ടു
കളപ്പുരകൾക്കു
പാറാവുകാരനെ നിയമിക്കും മുന്നേ…
കുട്ട നിറയെ റൊട്ടിയുമായി
വരുന്നവനെ
ഒറ്റുകാരനാക്കി തൂക്കിലേറ്റും മുന്നേ…
മരത്തിൽ തൂങ്ങിയാടുന്ന
ദളിതന്‍റെ പൂവുകൾ
ഇനിയുമുണ്ടാകും മുന്നേ…
പശുക്കിടാവുമായി
മരണഘോഷയാത്ര
മുറ്റത്തെത്തും മുന്നേ…
വാളും ശൂലവും
നെഞ്ചിൽ തൊടുന്നതിനും മുന്നേ…
അവസാനത്തെ,
കറുത്തവനും, വായുള്ളവനും
എഴുത്തുകാരനും
കൊല്ലപ്പെടും മുന്നേ…
നമ്മുടെ കവിതകൾ
വായിക്കപ്പെടേണ്ടതുണ്ട്
അവരുടെ മാത്രം കോടതികളിൽ
തെരുവുകളിൽ
ചുവരായ ചുവരുകളിൽ
അവ നമ്മൾ
എഴുതി നിറക്കേണ്ടിയിരിക്കുന്നു…
വെളുത്തവന് മാത്രമായ്
ഒരു ദൈവമില്ലെന്ന്…
രാജ്യവുമില്ലെന്ന്…
ഈ രാജ്യം നമ്മുടേതുകൂടെയാണെന്ന്...
കറുത്തവന്‍റെ മാത്രം ദൈവമേ,
നീയുണ്ടെങ്കിൽ
നിനക്ക് സ്തുതിയായിരിക്കട്ടെ .


അടുത്തവീട്ടിലെ
പൂച്ചയെ കാണാനില്ല
മെല്ലിച്ച
ആ സിറിയൻ സ്ത്രീ
അതിനെ പേര് ചൊല്ലി
വിളിച്ചു നടക്കാൻ തുടങ്ങിയിട്ട്
കുറച്ചു ദിവസമായി.
ഇന്നലെ മുതൽ
അനക്കമൊന്നുമില്ല,
ആ പൂച്ച തിരിച്ചു വന്നിട്ടുണ്ടാകുമോ ?
ചോദിക്കണം എന്നുണ്ട്‌
യുദ്ധത്തിൽ മരിച്ച മകന്റെ
പേരാണാ പൂച്ചക്കെന്നു
ഇന്നാരോ
പറയുന്നത് കേട്ടു..
വന്നിട്ടുണ്ടാവും...
എന്നിട്ടും, എന്തിനാണ്
ഞാനാണ്
ആ പൂച്ചയെന്നു
തോന്നി കൊണ്ടിരിക്കുന്നത് .....?

എന്‍റെ ജനാലയരികിൽക്കൂടിയാണ് അവളുടെ കുതിര ഓടിപ്പോയത് ഞാനപ്പോൾ കുങ്കുമം വീണു ചീത്തയായ ഭൂപടം തുടച്ച് വൃത്തിയാക്കാൻ പരിശ്രമിക്കുകയായിരുന...