Saturday, April 30, 2016

പള്ളിക്കൂടം വിട്ടു പോരുമ്പോ
മുറിച്ചു കടക്കേണ്ടിയിരുന്ന
ഒരു കവലയുണ്ട്
കുറെ ദൂരെ നിന്നെ
നിശബ്ദമാക്കുന്ന,
ഒരു ശബ്ദത്തിനു മാത്രം
ചെവി കൂര്‍പ്പിച്ചിരുന്ന
എന്‍റെ
ഹാപ്പിനസ്സിനെ,
സങ്കടങ്ങളെ
ഓരോ രാത്രിയും
പച്ച കുത്തി വിട്ടിരുന്ന
കവല .. 


 
സുര ചേട്ടനും
തങ്കനും
കൃഷണനും
സുകുവും
പ്ലക്കും
മഞ്ഞനും
വര്‍ക്കി ചാച്ചനും
അങ്ങനെ പലരുടേയും
കവല ..


തടി പണിക്കാരന്റെ
തഴമ്പിച്ച
കൈ പിടിച്ചു
കണ്ണ് നിറഞ്ഞു വീട് പറ്റാറുള്ള
അനേകമായിരം
വൈകുന്നേരങ്ങള്‍
ഉറങ്ങാത്ത
രാത്രികള്..


ജീവിതത്തിലെ
വളവുകള്‍,
വീണ്ടും
മുറിച്ചു കടക്കേണ്ടി വരുമ്പോള്‍
കണ്ണ് നിറക്കുന്ന
കവലകള്‍.. 

എന്നെ അറിയാത്ത ദൈവമേ
എനിക്ക്
മനുഷ്യനെ പോലെ
സങ്കടം വരുന്നു .............................
ആകാശത്തൊരു കുട്ടി,
ഭൂമിയില്‍
പൊട്ടിപ്പോയൊരു പട്ടം...
കൊയ്ത്തു കഴിഞ്ഞ പാടത്ത്
തനിയെ നില്‍ക്കുന്ന
പെണ്‍കുട്ടി
അവളുടെ വീട്ടിലേക്കുള്ള
വഴി,
വഴി നിറയെ
മറന്നുപോയെന്നു
കള്ളം പറഞ്ഞ
ആരുടെയോ
കാലൊച്ചകള്‍ ..................
കുറെ മുന്നേ
മറാഠാ രാജ്യത്ത്
ക്ലാസ്മുറിയുടെ
ഒരു മൂലയിൽ
വീട്ടിൽ നിന്നു കൊണ്ടുവരുന്ന
ചാക്കു
വിരിച്ചിരുന്നു
പഠിച്ചൊരു കുട്ടി,
സമത്വം സ്വപ്നംകണ്ട കുട്ടി,
ആ കുട്ടി
ഇന്നുമുണ്ടായിരുന്നു
മുദ്രാവാക്യങ്ങള്‍
തുന്നികൂട്ടിയ ബാനറില്‍,
ജനാധിപത്യ
മഹാരാജ്യത്തിലെ
"തുല്യതയുടെ"
എദന്‍
തോട്ടത്തില്‍ നിന്ന്
വിപ്ലവത്തിന്റെ
കുപ്പായമിട്ട് ഇറങ്ങി പോകുന്ന
ഒരുത്തനെ നോക്കി...



വെളുത്തവന്റെ
മാത്രം ദൈവമേ
നീയുണ്ടെങ്കില്‍
നിനക്ക് സ്തുതിയായിരിക്കട്ടെ
ഇന്നലെ അവനും വന്നു
സ്വപ്നത്തില്‍,
മൈരേ
ബീഡിയുണ്ടോടാ
എന്ന് ചോദിയ്ക്കാന്‍...
ബസ്റ്റോപ്പില്‍ വെച്ച്
അവന്റെമ്മയെ കണ്ടു
അവന്‍,
മരിച്ചു പോയന്നോന്നും
പറഞ്ഞില്ല അവര്‍
പക്ഷേ,
എനിക്ക് കുറച്ചു
കടല കൊറിക്കാന്‍ തന്നു ...


സ്വപ്നത്തില്‍
തണുത്ത കൈ പിടിച്ചിരുന്നു
കടല കൊറിക്കുക
വാഹ്
സ്റ്റയിലായിരിക്കുന്നു....
ഇല കൊഴിയുന്ന
നിശബ്ദതയില്‍ നിന്ന്
രണ്ട് കിളികള്‍
പറന്നു പോകുന്നു..

തൂവലുകളിലെ
തുന്നലുകള്‍
ഏതോ
രാജ്യത്തിന്‍റെ
ഭൂപടമാകുന്നു ....
കടല്‍ക്കരയിലെ
തീര്‍ത്തും
പുരാതനമായ
കൊട്ടാരത്തില്‍
മുക്കുവന്‍
കൂട്ടുകാരിയെ
കടലാസ് വള്ളങ്ങള്‍
ഉണ്ടാക്കാന്‍
പഠിപ്പിച്ചു പരാജയപ്പെടുന്നു,
അവന്‍ പങ്കായമെടുത്തു
കടലിലേക്ക് പോകുന്നു
അവള്‍ പഠിപ്പ് തുടരുന്നു,
രാത്രികള്‍ ഇറങ്ങി പോകെ
മനോഹരമായ
ഒരുവള്ളമവള്‍ ഉണ്ടാക്കുന്നു,
കടല്‍ക്കരയില്‍
അവനെ കാത്തിരിക്കുന്നു..


കാത്തിരുന്നു
മുഷിയുന്നു,
കാത്തിരിപ്പിന്
ശലഭ ഭംഗി ഉണ്ട് എന്ന് പറഞ്ഞ
കൂട്ടുകാരിയെ
അവള്‍ കള്ളി
എന്ന് പേരിട്ടു
ഓര്‍മകളില്‍ നിന്ന് കീറി കളയുന്നു..
മടുത്തപ്പോള്‍
മണലില്‍
പിറക്കാതെ പോയ മക്കളുടെ
പേരെഴുതി
കടലിന്നു മാച്ചുകളയാന്‍
കാത്തിരിക്കുന്നു ,
വീണ്ടും കാത്തിരുന്നു
മുഷിയുന്നു.


ഏഴ് പകലുകള്‍ക്ക്‌
ശേഷം അവന്‍ വന്നപ്പോള്‍
അവന്‍റെ കീറിയ
കുപ്പായ മടക്കില്‍
നിറയെ
തിളങ്ങുന്ന
ചെതുമ്പലുകള്‍
അതില്‍ ഒന്നെടുത്തു
അവള്‍ വള്ളമവന് നീട്ടുന്നു
കുറെ കവിള്‍ ചിരിക്കുന്നു..


ആ രാത്രി
അവള്‍ അവനു
ഒരിക്കല്‍ പോലും
കടലാഴം കാണാതെ
കടല്‍ക്കരയില്‍ തിരയെണ്ണി
മരിച്ച മുക്കുവന്റെ
കഥകള്‍ പറഞ്ഞു
കൊടുത്തുകൊണ്ടിരിക്കെ
അവനുറങ്ങി പോകുന്നു ,
കൊട്ടാരമൊരു
അക്വേറിയമാകുന്നു
അവരതില്‍
കടലാസ് വള്ളവും......


"കടലാഴം കാണാത്ത മുക്കുവൻ"
വരികൾ : സോമൻ കടലൂർ ( കനിമീൻ)
നഷ്ടപ്പെട്ടു പോയൊരു
കൈലേസ്
തിരഞ്ഞു പോകുന്ന കുട്ടി,
അവന്റെ മാത്രം
വഴികള്‍
തെരുവ് പട്ടികള്‍
പൂമ്പാറ്റകള്‍
ചോണനുറുമ്പുകള്‍
ബലിക്കാക്കകള്‍....
ലിലിത്ത്,
ബാബിലോണിന്റെ നദികള്‍ക്കരികില്‍
പാടി നടന്ന
യെഹൂദാ നാടോടി
കഥയിലെ
മുലകളില്‍ വിഷം നിറച്ച
ഉറക്കത്തില്‍ ചെറുപ്പക്കാരെ
പ്രാപിക്കുന്ന,
ഗര്‍ഭപാത്രത്തില്‍ വെച്ച് കുട്ടികളെ
കൊല്ലുന്ന ദുര്‍ദേവത,
നിറയെ മുടിയുള്ള,
സുന്ദരിയായ,
ചിറകുകളുള്ള,
ചെന്നായ്ക്കളും
മൂങ്ങകളും എപ്പോളും
കൂട്ടുള്ള പിശാചിനി... .



അവള്‍ ലിലിത്ത്
ആദ്യത്തെ പെണ്ണ്,
ഹവ്വക്കും മുന്നേ
ഏദനില്‍ ആദമിനൊപ്പം
സൃഷ്ടിക്കപ്പെട്ടവള്‍
ഒരേ മണ്ണില്‍ നിന്ന്
സൃഷ്ടിക്കപ്പെട്ടതിനാല്‍
നമ്മള്‍ സമരാണെന്ന്
ആദമിനെ വെല്ലുവിളിച്ച
അവകാശങ്ങള്‍ക്ക് വേണ്ടി
പോരാടിയ
വിധേയയായി നില്‍ക്കാത്തതിനാല്‍
മാത്രം
ഏദന്‍ എന്ന ആഡംബരം
ഉപേക്ഷിക്കേണ്ടി വന്ന
ദൈവത്തെ വെല്ലുവിളിച്ച
ചെങ്കടല്‍ തീരത്ത്
ഒറ്റയ്ക്ക് താമസിച്ചവള്‍
ആദ്യത്തെ ഫെമിനിസ്റ്റ്
അവള്‍
ലിലിത്ത് ..

മതം,
വഴങ്ങുന്നവളെ
വിശുദ്ധയാക്കുമ്പോള്‍
ചോദ്യങ്ങള്‍ ചോധിക്കുന്നവള്‍
വേശ്യയും , കൊള്ളരുതാത്തവളും
പിശാചിനിയും
ആകുമ്പോള്‍
നമ്മള്‍ മറന്നു കളഞ്ഞവള്‍
ചീത്തയാക്കപ്പെട്ടവള്‍
ലിലിത്ത്..


""ലിലിത്ത് നീയാ
സീയോനെ കുറിച്ചുള്ള
ഗാനങ്ങളിലൊന്ന് ഞങ്ങളെ
പാടി കേള്‍പ്പിക്കു""



ലിലിത്ത് : http://www.biblicalarchaeology.org/…/people-in-the-…/lilith/
""തൊടിയില്‍ നിന്ന്
നീ നീട്ടിയ
ജീവന്‍റെ മണമുള്ള
പൂവുകള്‍""...

എന്‍റെ ജനാലയരികിൽക്കൂടിയാണ് അവളുടെ കുതിര ഓടിപ്പോയത് ഞാനപ്പോൾ കുങ്കുമം വീണു ചീത്തയായ ഭൂപടം തുടച്ച് വൃത്തിയാക്കാൻ പരിശ്രമിക്കുകയായിരുന...