Sunday, May 24, 2015


അപ്പന്‍റെ മീനുകള്‍


തടിപ്പണി കഴിഞ്ഞു
അപ്പന്‍ എട്ടിനെത്തും
കുഞ്ചിപ്പട്ടിയും അപ്പനും
പാടത്തെ
രണ്ടായി പകുത്തു
ചെറിയ റോഡിലൂടെ
കീശ നിറയെ
നിലാവുമായി
കുറെ കവിള്‍
സംസാരിച്ചു വരുംദിനേശ് ബീഡി
കുത്തി കെടുത്തി
മുഷിഞ്ഞ ഒരു കവര്‍
അമ്മക്ക് കൊടുക്കും
ചെറുക്കന്മാര്‍
എവിടെഡീന്ന് ചോദിക്കും
നിലാവുമായി
അമ്മ
അകത്തേക്ക് പോകും

വെള്ളം ചൂടാക്കാന്‍ പറയും
ഇറയത്തെ കസേരയില്‍
ഒരു ബീഡി
അപ്പനെ വലിച്ചു
ഇങ്ങനെ ഇരിക്കും..

പൂച്ചകള്‍ അപ്പനെ
ഉമ്മവെക്കും..

അനിയന്‍ വരും
അപ്പന്‍റെ തോളില്‍ പിടിക്കും
അപ്പന്‍റെ ഇടത്തെ തോളില്‍ തടി
ചുമന്നു തൊലി
പൊളിഞ്ഞു ഇരിക്കുന്നുണ്ടാകും
അവനതു തൊടും
അവിടുമ്മ വെക്കും
അപ്പനെ നോക്കും
അപ്പന്‍ ചിരിക്കും
അവന്റെ കണ്ണ് നിറയും

രാത്രിയില്‍
ഞങ്ങളപ്പനെ പുതക്കും ...

തിരിഞ്ഞു നോക്കുമ്പോൾ
തോനുന്നു,
അപ്പൻ കുത്തി
കെടുത്തുന്ന
ദിനേശ് ബീഡി
മാത്രമാണ് ജീവിതം ..

Thursday, March 26, 2015

അലരിയില്‍
തൂക്കിയിട്ട
എന്റെ കിന്നരങ്ങള്‍
കാറ്റില്‍
പ്രാചീനമായ ഒരു ഗോത്ര ഗാനം
പുറപ്പെടുവിക്കുന്നു ..
ആരോ അത്
ഞാൻ അറിയാത്ത
ഭാഷയിലേക്ക്
വിവർത്തനം
ചെയ്യുന്നു .. 


നഗര കാവല്‍ക്കാര്‍ 
ഉറങ്ങുമ്പോള്‍ 
കൂടാര
കൊടിക്കൂറയില്‍
ഞാന്‍ നിന്നെ 
പച്ച കുത്തുന്നു 

ഞാന്‍ 

രാത്രിയാകുന്നു,

നിന്റെ
പേരുചൊല്ലി
വിളിക്കുന്നു ..

 എവിടെയാണ് നീ ???

Sunday, March 22, 2015

കാത്തു കാത്തിരുന്ന
എത്ര എത്ര
മയിൽ പീലികൾ
പെറാതെ പോയിരിക്കുന്നു
മയിൽപീലികളെത്ര കള്ളമാണ്

രാത്രിയെ
കള്ളുമണക്കുമ്പോള്‍
നക്ഷത്രങ്ങളെ
ഊതി കെടുത്തി
ഇരുട്ടില്‍
നീ ഇനിയും വരണം

അമ്മ കരയുമ്പോള്‍
സ്വപ്നത്തിലെന്‍റെ
കൈപിടിക്കണം
നിന്റെ
പിന്നിലോളിപ്പിക്കണം....

Saturday, March 21, 2015

വിപ്ലവങ്ങളുടെ ദേവത


പ്രിയപ്പെട്ട ഇറോം,
താഴ്വരയില്‍,
തോക്കിന്‍തിരകള്‍
തിന്നാന്‍ വിധിക്കപ്പെട്ട
ആളുകള്‍ക്കിടയില്‍ നിന്ന്‍
നിനക്കെഴുതുന്നു.


അമ്മ,
നിന്‍റെ കഥകള്‍
പറഞ്ഞുതന്നിട്ടുണ്ട്.
അമ്മൂമ്മയായ
ഇറോം ടോന്‍സിജദേവിയുടെ
യുദ്ധകഥകള്‍ കേട്ടിട്ടുണ്ട്.

പതിനാല് കൊല്ലമാകുന്നു
ഏത് ഗോത്ര ദേവതയാണ്
വിശപ്പിനെ സമരമാക്കാന്‍
നിനക്കിത്ര ധൈര്യം തരുന്നത്??

പ്രിയപ്പെട്ട ഇറോം,
ലിംഗം ആയുധമാക്കിയ
ഒരുകൂട്ടം പട്ടാളക്കാര്‍
തീവ്രവാദി എന്ന് വിളിച്ച്
അമ്മയെ പിടിച്ചുകൊണ്ടുപോയി
അയ്യായിരം രൂപയും,
കറിക്കത്തിയും
തെളിവായി കൊണ്ടുപോയി.

അമ്മയുടെ
ജനനേന്ദ്രിയത്തില്‍ നിന്നുമാത്രം
അഞ്ചു വെടിയുണ്ടകള്‍ കിട്ടിയെന്ന്‍
പത്രങ്ങള്‍ പറഞ്ഞു.
ഞാന്‍ കരഞ്ഞിട്ടില്ല...
അമ്മയും.!


ഏതു സമയത്തും
ഞാനും കൊല്ലപ്പെട്ടേക്കാം.
പെണ്ണിന്,
ഉദ്ധരിച്ച ലിംഗവും
ആണിന്,
വെടിയുണ്ടകളുമായി
പട്ടാള വണ്ടികള്‍
പാഞ്ഞുനടക്കുന്നുണ്ട്

കൊല്ലമിതിത്രയാകുന്നു,
ഈ താഴ്വാരം
അതൊരു കോളനി മാത്രമാണ്.

പ്രിയപ്പെട്ട ഇറോം
ചരിത്രം കെട്ടുകഥകള്‍ മെനയുന്നു
ഒരൊറ്റ രാജ്യമെന്നത് എത്ര കള്ളമാണ്.

രാത്രിയില്‍,
കൊളുത്തിയ പന്തവുമായി
തെരുവുകള്‍ തോറും റോന്തു ചുറ്റുന്ന
അമ്മമാരെ ഞാന്‍ കാണാറുണ്ട് ,
ഇരുമ്പ് വിളക്കുകാലിനുനേരെ എറിയാന്‍
കല്ലുമായാണ് ഇപ്പോള്‍ ഉറങ്ങുന്നത്.
എനിക്കറിയാം,
ആ ശബ്ദം കേട്ടാല്‍
അടുത്തെവിടെ നിന്നെങ്കിലും
മെയ്‍‍രാ പെയ്ബീസ് ഓടിയെത്തുമെന്ന്..

ആരാണവര്‍ക്കിത്ര
ധൈര്യം കൊടുക്കുന്നത് ??

പ്രിയപ്പെട്ട ഇറോം , ,
ഒരിക്കല്‍ മക്കള്‍ എന്നോടുചോദിക്കും
വിപ്ലവങ്ങള്‍ക്ക് ഒരു ദൈവമുണ്ടോ??
അവന്‍റെ / അവളുടെ പേരെന്താണെന്ന്??
അന്നവര്‍ക്ക് ഞാന്‍
നിന്‍റെ പേര് പറഞ്ഞുകൊടുക്കും
ഇറോം ചാനു ഷര്‍മ്മിള


പ്രിയപ്പെട്ട ഇറോം,
മാലോമിന്‍റെ തെരുവുകളില്‍
പൂക്കുന്ന ചുവന്ന പൂവുകള്‍ക്ക്
ഞങ്ങള്‍ നിന്‍റെ പേരിടുന്നു...
കൂകി, ചിരു , ചോത്തി
ഗോത്രങ്ങളുടെ യുദ്ധ ദേവതക്കു
നിന്റെ പേരിടുന്നു.
മരിച്ചുകൊണ്ടിരിക്കുന്ന
കാച്ചിന്‍ മഴക്കാടുകളിലെ
മരങ്ങള്‍ക്ക്,
ജീവജാലങ്ങള്‍ക്ക്
പോരാടുന്ന മനുഷ്യര്‍ക്ക്‌,
തടാകത്തിലെ മീനുകള്‍ക്ക്,
നാളെ ജനിക്കാനിരിക്കുന്ന കുട്ടികള്‍ക്ക്,
വരാനിരിക്കുന്ന വിപ്ലവങ്ങള്‍ക്ക്
ഞങ്ങള്‍ നിന്‍റെ പേരിടുന്നു..


പ്രിയപ്പെട്ട ഇറോം ,
ഞാന്‍ നിര്‍ത്തുന്നു.
തീവ്രവാദിയുടെ
കുപ്പായവും തുന്നി
പട്ടാള വണ്ടി
അതാ എത്തിക്കഴിഞ്ഞു...
ഞാനതില്‍, വെടിയുണ്ടകളുടെ
ബട്ടന്‍സുകള്‍ തുന്നട്ടെ...


**************************************************************************************************************
(മെയ്‍‍രാ പെയ്ബീസ് : മണിപ്പൂരില്‍ അക്രമങ്ങള്‍ തടയാന്‍ ശ്രമിക്കുന്ന അമ്മമാരുടെ സംഘം )

തെറ്റി കയറിയ തീവണ്ടി , പാളത്തിൽ മരിക്കാൻ കിടക്കുന്ന ഒരുവൾ . എനിക്കറിയാം എനിക്കും നിനക്കുമിടയിൻ പാളവും നിലവിളിയും അല്ലാതെ ഒന്ന...