Wednesday, October 23, 2013

വിശക്കുന്ന ദൈവങ്ങള്‍...


"തീന്‍ മേശയില്‍ നിന്ന്
ഇറങ്ങി ഓടുന്ന
അപ്പ കഷണം
വിശക്കുന്നൊരു
വയറു തിരയുന്നു "

എഴുതി തുടങ്ങും മുമ്പേ
അനിയന്‍ ചോദിച്ചു
ചേട്ടായി
ദൈവത്തിനു വിശക്കുമോ??

ഒരു ചോദ്യം
ഒരു രാജ്യമായി
അവനവിടെ രാജാവും

വിശക്കുന്നവന് ഒരു
ദൈവമുണ്ടെങ്കില്‍
അവന്‍റെ സുവിശേഷത്തില്‍
എന്തുണ്ടാകും ?
അവന്റെ പെരെന്താകും ?
അവനു വിശക്കുമോ ?
അവനായി പെരുന്നാളുകള്‍
നടത്തപെടുമോ?

ഞാന്‍ ബൈബിളില്‍
മുങ്ങി തപ്പി കിട്ടിയില്ല,
ഖുറാനില്‍ തിരഞ്ഞു കണ്ടില്ല,
പുരാണങ്ങളില്‍ പരതി
ഇല്ലേയില്ല ,
ആരും വിശക്കുന്നവനെ
കാണുന്നേ ഇല്ല,

തീന്‍ മേശയില്‍ നിന്ന്
ഇറങ്ങി ഓടുന്ന
അപ്പ കഷണം
വിശക്കുന്നൊരു
വയറു തിരയുന്നു,

വിശക്കുന്നൊരു വയററിയുമ്പോള്‍
വിശപ്പു മാറ്റുമ്പോള്‍
നീയും ഞാനും
ദൈവമാകുന്നു
വിശക്കുന്ന ദൈവങ്ങള്‍..

എഴുതി തീരത്ത്
അനിയനെ വിളിച്ചു,
"ദൈവത്തിനു വിശക്കും"
ഞാന്‍ രാജാവിന്‍റെ
മുന്നില്‍
നഗ്നനായി...

സമത്വം....

യൂഡികോളോണും ,
ഈവനിങ്ങ് പാരീസും,
ഊദും,പെട്രോളും
റിയാലും
മണക്കുന്ന തെരുവുകളില്‍
ഓരോ വസ്ത്രത്തിലും
ഓരോ പൂക്കാലം
കൊണ്ട് നടക്കുന്നവര്‍ക്കിടയില്‍
തോട്ടി പണിക്കാരനും
വിയര്‍പ്പു ചുമക്കുന്നവനും
ചേര്‍ന്ന് വരുമ്പോള്‍
മറ്റൊരു "പൂക്കാലം"
ഉണ്ടാകില്ലെന്നറിഞ്ഞിട്ടും
അവര്‍,
സമത്വം
സ്വപ്നം കാണുന്നു..

"സമത്വം "പോലും,

എന്‍റെ സമത്വ
സങ്കല്‍പ്പത്തിന്
മുകളില്‍
ഇപ്പോഴും
"ഒരു പത്രക്കഷണം"
കുലുങ്ങി
ചിരിക്കുന്നുണ്ട് ...


Saturday, October 12, 2013


കടലില്‍ നിന്നും കരയിലേക്കുള്ള വഴി 


ഇരുട്ടു പൂക്കുമ്പോള്‍
ചിലപ്പോള്‍
വീട്ടിലേക്കുള്ള വഴിയില്‍
നിറഞ്ഞൊഴുകുന്നൊരു
കടലുണ്ട് ..

വരവ്
ഞാനറിയും
അനിയനറിയും , അമ്മയറിയും,
മതിലുകള്‍ക്കപ്പുറം
ചിലരില്‍ പരിഹാസ
ചിരി പടരുമ്പോള്‍
കുഞ്ചിപട്ടി
മാത്രം സന്തോഷിക്കും..

കടല്‍
വീടോടക്കുബോള്‍
ഓടി ഒളിക്കാന്‍ തോന്നും,
പുറകിലേക്ക് നീന്തിയിട്ടും
വീണ്ടും വീണ്ടും
തന്നിലേക്ക് വലിച്ചടുപ്പിക്കും
അപ്പോള്‍
അനിയന്‍ ചേര്‍ത്ത് പിടിക്കും ..
അമ്മയുടെ കണ്ണിലൂടെ
ഒരു പുഴ ഒഴുകി
ചാണകം മെഴുകിയ
തറയില്‍ വീണു കറുക്കുമ്പോള്‍
ജീവന് നിറം കറുപ്പാകും
എന്നും..

വേലിയിറക്കങ്ങളില്‍,
കടല്‍ കാണാതാകും,
ഒരു ചിരിയില്‍
തഴമ്പിച്ച കയ്യിലെ
ഒരു മുറുക്കത്തില്‍
എന്നെ എഴുതി എടുക്കും ..
കരയില്‍
ബാക്കിയാകുന്നത് പെറുക്കി
അടുക്കി വെക്കുമ്പോള്‍
ഞാന്‍ ബൈബിളിലെ
യോനയെ ഓര്‍ക്കും,
ഞാനാണ് യോനയെന്നു കരുതും
കടലില്‍ വീഴുമ്പോള്‍
വിഴുങ്ങുന്ന മീനിനെ
എന്നും കൊതിക്കും,
മറ്റൊരു കരയില്‍
കൊണ്ടിടുന്നത്‌
സ്വപ്നം കാണും..

എത്ര കൊതിച്ചിട്ടും
ജീവിതം
എത്ര വെളുത്തിട്ടും
കടലെന്നെ വീണ്ടും
വലിച്ചടുപ്പിക്കുമ്പോള്‍
എന്‍റെ
മീനെ നീ എവിടെയാണ് ??
എന്‍റെ വിപ്ലവങ്ങളുടെ ദൈവമേ, നീ മാത്രം വിശുദ്ധനാകുന്നു

പ്രായപൂര്‍ത്തിയായ
"ദൈവം"
പ്രായപൂര്‍ത്തി ആകാത്ത
കുട്ടിയെ
ബലാല്‍സംഗം ചെയ്തു
ഉടലോടെ "സ്വര്ഗം"
പൂകി..

സ്വര്‍ഗം പൂകിയ മറ്റു
"വിശുദ്ധര്‍ക്കൊപ്പം"
നീതി ദേവതയുടെ
പാവാട മുകളിലിരുന്ന്
ഇപ്പോള്‍ കല്ലുകളിക്കുന്നു
ദൈവം ..
ദൈവകോപം ഭയന്ന്
അവന്‍ വിശുദ്ധനെന്ന്
പുരോഹിത , ന്യായാധിപ
ഭരണ വര്‍ഗം ...

ദൈവ കിങ്കരന്മാര്‍
തെരുവുകളിലൂടെ അവന്‍റെ
സുവിശേഷം പാടി അലയുന്നു
ദൈവത്തിനായി ഓശാന പാടുന്നു
അവന്‍റെ രണ്ടാം വരവിനായി
കാത്തിരിക്കുന്നു..

"കൈ നിറയെ
കാശ് കൊടുത്താല്‍
ആരുടേയും
കൂടെ കിടക്കുന്ന
വേശ്യയാണ് നിയമം"
എന്നത് പാഠപുസ്തകത്തില്‍
ഉള്‍പ്പെടുത്തണം
എന്നാവശ്യപെട്ട്
ഒരു വിപ്ലവം
വരാനിരിക്കുന്നു..

എന്‍റെ
വിപ്ലവങ്ങളുടെ ദൈവമേ
നീ മാത്രം,
വിശുദ്ധനാകുന്നു ............



Nb: സ്പെഷ്യല്‍ ഡഡികേഷന്‍ ആശാരാം ബാപ്പു(മനുഷ്യ ദൈവം ) 16 കാരിയെ ബലാല്‍സംഗം ചെയ്തു എന്നാ കുറ്റത്തിന് ഇപ്പോള്‍ ജെയിലില്‍ കഴിയുന്നു..

എന്‍റെ ജനാലയരികിൽക്കൂടിയാണ് അവളുടെ കുതിര ഓടിപ്പോയത് ഞാനപ്പോൾ കുങ്കുമം വീണു ചീത്തയായ ഭൂപടം തുടച്ച് വൃത്തിയാക്കാൻ പരിശ്രമിക്കുകയായിരുന...