Tuesday, November 25, 2014

നീ ഓർമ്മകളിൽ
മുങ്ങാം കുഴി
ഇടുമ്പോൾ
ഞാൻ
കരക്കിരുന്നെണ്ണുന്ന
കുട്ടിയാകുന്നു..

ഒന്ന്
രണ്ട്
മൂന്ന്...........
ഇന്നിതാ
സ്വപ്നത്തില്‍,
നിന്‍റെ മടിയില്‍ ഞാന്‍
ആകാശത്തേക്ക്
കണ്‍ തുറക്കുന്നു..
നിനക്കായ് ഒളിച്ചു കടത്തിയ
നക്ഷത്രങ്ങളില്‍
അമ്മ മണക്കുന്നു
കൈക്കുള്ളില്‍
നിറയെ
നിനക്കുള്ള
മഞ്ചാടി കുരുക്കള്‍,
അപ്പൂപ്പന്‍ താടികള്‍ ,
മിന്നാ മിനുങ്ങുകള്‍...........



— feeling ചേച്ചി .

Tuesday, September 23, 2014

ദേശാടന കാക്കകള്‍

നാളെ ഒരു കഥയില്‍
ഒരു കവിതയില്‍
ഒരു സ്കൂളില്‍
ഉത്തര കടലാസില്‍
തോല്‍ക്കാന്‍ മനസില്ലാത്തവന്റെ
കീറിയ കീശയില്‍
നില്‍പ്പ്=നിലനില്‍പ്പ്
എന്നൊരു ഉത്തരമുണ്ടാകും
അന്ന് കാലം വെളുപ്പിനെ
കൂക്കി വിളിക്കും ,

നില്‍പ്പിന്റെ
എഴുപതാം പകല്‍
ചേര്‍ന്നു നില്‍ക്കുമ്പോള്‍
ജീവിതത്തിലാദ്യമായ്
ചേട്ടനൊരു
പൂമരമായെന്നു തോന്നി
ചുവന്ന പൂമരം

കേരളത്തില്‍ ഏതെങ്കിലും
ഒരു പട്ടികജാതിക്കാരന്
സ്വന്തമായി ഒരു പലചരക്ക്
കടയുണ്ടോ ?
സ്വന്തംആയി ഒരു ഹോട്ടലുണ്ടോ ?
ഒരു സ്കൂളോ
കോളേജോ ഉണ്ടോ ?
പോട്ടെ
ഒരു കള്ള്ഷാപ്പെങ്കിലും ഉണ്ടോ ?
ഉണ്ടോടാ ?????
അവന്‍റ്മ്മേടെ സമത്വം ..

ഞാന്‍ ചില്ലുകൂട്ടിലെ
ഗുരു ദേവനെ നോക്കി
ഗൌരവത്തിലാ
ജാതി പറയരുത്..
പാഞ്ഞോടിയ ബസിന്റെ
പുറകില്‍
അയ്യങ്കാളി ഇതു
കേട്ടിട്ടാകാം പുഞ്ചിരി തൂകി ..

ചേട്ടനൊരു പുകയെടുത്തു
പുകയില്‍ ഒരു
കാക്ക കരഞ്ഞു
ദേശാടന കാക്ക ..




 എന്തിനായിരുന്നു?


ഒരു നോട്ടം കൊണ്ടോ
ഒരു വാക്ക് കൊണ്ടോ
എനിക്ക് പറക്കാന്‍
നീ
കടം തരാതെ പോയ
ആകാശം

വേലി പടര്‍പ്പുകള്‍ക്കിടയിലൂടെ
നിന്നിലേക്ക്‌ തുറന്നിരുന്ന
മറന്നുപോയ
ഇടവഴികള്‍

ഇനിയുമെത്താത്ത
യാത്രകള്‍..

എത്ര ദൂരെയാണ്
എത്ര അന്യനാണ്
ഞാന്‍

എന്നിട്ടും
പാതി മുറിഞ്ഞ
ഈ സ്വപ്നതില്‍ നിന്ന്
നിറുകില്‍ ഉമ്മവെച്ച്
എന്നെ വിളിച്ചുണര്‍ത്തിയത്
എന്തിനായിരുന്നു

Friday, July 11, 2014

വിക്സ് മണമുള്ള ഉമ്മകള്‍

ഒരിക്കല്‍ വല്യാപ്പന്റെ
വിക്സ് പുരട്ടിയ
ഉമ്മകിട്ടിയ
അടുത്ത വീട്ടിലെ കുഞ്ഞു കുഞ്ഞമ്മിണിയെ
ചൂണ്ടി വല്യാപ്പച്ചന്‍,
"കൊച്ചിനൊരു പൂവ്
പറിച്ചുകൊടുക്കാടാ",
കൊച്ചു കരയുന്നത് കണ്ടില്ലേ ?
എന്നൊരു ഓര്‍ഡര്‍...
തൊടിയില്‍ നിന്നൊരു പൂവടര്‍ത്തി
ഞാനവള്‍ക്ക് നീട്ടി,
കവിളില്‍ ഒരുമ്മ പുകഞ്ഞു
അവളെ വിക്സ് മണത്തു ..
എത്ര എത്ര പൂവുകള്‍
എന്നിട്ടും അവള്‍
നിര്‍ത്താതെ കരഞ്ഞു...

കുഞ്ചിപ്പട്ടി പോലും
പേടിച്ചോളിച്ച ആ രാത്രിയില്‍
കവിളിലൂടൊഴുകി
ഒരുകടല്‍
ചാണകം മെഴുകിയ തറയില്‍
എന്നെ നോക്കി
പല്ലിളിച്ച രാത്രിയില്‍,
അന്ന് മാത്രം
അമ്മക്ക് ഒരു പൂ പറിച്ചു കൊടുക്കടാ
എന്ന് അനിയനോട് പറയാന്‍ തോനി..
പറഞ്ഞില്ല ,,
മറന്നിട്ടല്ല,
പറഞ്ഞില്ല ....

എത്ര എത്ര വിക്സ് പുരട്ടിയ
ഉമ്മകള്‍ കാലം കവിളില്‍ തരുന്നു,
തൊടിയില്‍ എത്ര എത്ര പൂവുകള്‍
ഇന്നും വിക്സ് മണക്കുന്നു ...

Sunday, June 1, 2014

 ദെളിതന്റെ പൂവുകള്‍


പൂക്കളും പൂമ്പാറ്റകളും
കുടവയറനോപ്പം ഇറങ്ങി പോയ
ക്ലാരയാക്കിയ മഴയും.
മഴവില്ലും .
പട്ടികുട്ടികളും ,
തുടയിലും ചുണ്ടിലും
ചായം തേച്ച സിനിമാ നടിയും
വിരിഞ്ഞു നില്‍ക്കുന്ന
ചോര മണക്കുന്ന താമരയും,
നടുവിരല്‍ മാത്രമുള്ള കൈപത്തിയും
ചുവക്കാന്‍ മറന്ന
ചെമ്പരത്തിയും ,
ഇന്നും
മുഖ പുസ്തകം നിറയെ ..

നിങ്ങള്‍ തൂങ്ങി ആടിയ
കൊമ്പില്‍
എത്ര നേരമായി
ഞാനിങ്ങനെ ...

നിങ്ങള്‍ക്കായി ആരും
മെഴുകുതിരി കത്തിക്കില്ല
കള്ള കണ്ണീരൊഴുക്കില്ല,
കൂട്ടം കൂടില്ല
മുല്ലയെന്നോ , ആമ്പലെന്നോ പേരില്‍
ഒരു വിപ്ലവവും
പൊട്ടി പുറപ്പെട്ടു
നാണിച്ചു ചാകില്ല ,
കാരണം

ദെളിതന്റെ പൂവുകള്‍
അവന്റെ മാത്രമാണ്,
അവന്റെ മാത്രം .........
പൂക്കാത്ത ചെമ്പരത്തികള്‍ ..
 

തടവറയെ പേടിക്കാത്ത
കരയാത്ത,
ചിരിക്കുന്ന
വിപ്ലവകാരിയായ അച്ഛന്‍.
അച്ഛനെ കുറിച്ചോര്‍ക്കുമ്പോള്‍,
ഓര്‍ത്തോര്‍ത്തു പറയുമ്പോള്‍
അവന്റെ തല ഉയര്‍ന്നു നിന്നു.

വിഷക്കമ്പനിക്കെതിരെ
അച്ഛന്‍ സമരം നടത്തി,
പോലീസ് കൊണ്ടുപോയെന്ന്‍
അമ്മ പറഞ്ഞു.
ഒരിക്കല്‍ തിരിച്ചുവന്നു
കമ്പനി പൂട്ടിച്ചവന്‍
നാട് മുടിച്ചവന്‍
പലരും പലതും പറഞ്ഞു,

അച്ഛന്‍ മിണ്ടാതായി
ചിരിക്കാതായി
എപ്പോളും മൗനത്തില്‍
മുകളില്‍ കുത്തിയിരിക്കും
ചിലപ്പോള്‍ ദേഷ്യപ്പെടും.

വൈദ്യന്‍ വന്നു,
അമ്മയോടെന്തൊക്കെയോ
കുശുകുശുത്തു
എഴുത്തുപുരയില്‍ പൂട്ടിയിട്ടു.

അവനെ കാണുമ്പോള്‍ മാത്രം
ചിരിച്ചു കാണിച്ചു.
"അച്ഛനെന്നാ പറ്റിയേ"
ഉത്തരമില്ലാതയായപ്പോള്‍
ചോദ്യങ്ങളെ വടക്കേ കോലായില്‍ നിന്ന്
പറത്തിവിട്ടു.

അച്ഛന്‍ കിടക്കാറുള്ള
മുറിയുടെ വാതില്‍ക്കല്‍
തല ചേര്‍ത്തിരിക്കുമ്പോള്‍
ഒരിക്കല്‍, അമ്മ പറഞ്ഞു...
ഒരിക്കലും,
അച്ഛനെപ്പോലെയാകരുതെന്ന്‍
അവനൊന്നും മിണ്ടിയില്ല.

സ്കൂളില്‍ കൂട്ടുകാര്
"ചെമ്പരത്തി ചെവിയില്‍ ചൂടിക്കെടാ"
കളിയാക്കി.
അന്നാദ്യമായി ഒരിക്കലും കരയാത്ത
അച്ഛനെ ഓര്‍ത്ത് അവന്‍ കരഞ്ഞു.

അച്ഛന്റെ ഓര്‍മ്മകളുടെ ചുമരില്‍
" തടവറ ജീവിച്ചിരിക്കുന്നവര്‍ക്കുള്ളതാണ് "
ചുവന്നു കൊടി പുതച്ച് നിന്നിരുന്നു.

വലുതായപ്പോള്‍ തെരുവിലൂടെ
അവന്റെ ശബ്ദം മുഴങ്ങി കേട്ടു.
എതിര്‍ത്തവരെ വെല്ലുവിളിച്ചു.
അന്നത്തെ കുട്ടികള്‍
മീശ തടവി അടക്കം പറഞ്ഞു.
അവനും മൂപ്പരെപ്പോലെയായി.

ലോകമേ ഒരു തടവറ
അവന്‍ പത്രം വായിക്കാതെയായി
വാര്‍ത്ത കേക്കാതായി
പുറത്തിറങ്ങാതെയായി
"എല്ലാവര്‍ക്കും ഭ്രാന്താണ്"

അവനിലൂടെ ഒരു മുദ്രാവാക്യം
ആര്‍ത്തുവരുന്നതമ്മ കണ്ടു,
അച്ഛന്‍ ..

വീടിന്റെ കന്നി മൂലയില്‍
അവനൊരു ചെമ്പരത്തി നട്ടു.
വെള്ളമൊഴിച്ച്
സ്നേഹിച്ചു വളര്‍ത്തി.
അവള് പൂത്തുനില്‍ക്കുമ്പോള്‍
അവന്‍ വിളിച്ചു പറയും
എനിക്കും അച്ഛനെപ്പോലെയാകണം.

ഒരുനാള്‍ അവനും നാടുവിട്ടു.
പോകും മുന്പ് കരിക്കട്ടകൊണ്ട്
ചുമരില്‍ ഇങ്ങനെ എഴുതിയിരുന്നു.
""അച്ഛനായി ഞാനൊരു
ചെമ്പരത്തി കൂടെ കരുതുന്നു""...

Wednesday, March 26, 2014

തെമ്മാടി കുഴി 


ബിഷപ്പ്‌ സ്യൂട്ട്
പണിയാന്‍
"പത്തു ലെക്ഷം"
 പള്ളിയില്‍ നിന്ന് നിങ്ങള്‍
സംഭാവന തരണം  ,..
വല്യ മെത്രാന്റെ ഈ
കുഞ്ഞു ആവശ്യം കേട്ട്
കുരുശില്‍ കിടന്ന
ക്രിസ്തു ദേവന്
ചിരി പൊട്ടി..


ഞാന്‍ ചിരിച്ചില്ല
പള്ളി വിലക്കും,
കണ്ണടച്ച് കാണിച്ചു..
ചിരിക്കാതിരിക്ക്
മനുഷ്യാ ..


വീടി ഉണ്ടോ സഖാവേ
തീപ്പെട്ടി എടുക്കാന്‍
എന്നാ ട്യൂണില്‍
"ചാട്ടവാറുണ്ടോ
ചെറുക്കാ ??
എന്നെന്നോടൊരു ചോദ്യം ..
ഇത്തവണ
ഞാന്‍ ചിരിച്ചു
കള്ളും ,കപ്പയും, ബീഫും
തട്ടുന്ന കുഞ്ഞാടുകള്‍ക്ക്
ചാട്ടവാര്‍ എന്താകാന്‍
മിനിമം ഒരു
തോക്കെങ്കിലും വേണ്ടേ കര്‍ത്താവേ
എന്ന് തിരിച്ചടിച്ചു ,
പുള്ളി വഴക്കിട്ടു..


ആണി ഊരി പോക്കറ്റില്‍ ഇട്ട്
എന്നെ വിളിച്ചു
വാടാ ചെറുക്കാ ,
ഞങ്ങള്‍ ബെധ്ലഹേമിലേക്ക്
പോയി,
ക്രിസ്തുദേവന്‍
പുല്‍കൂട്ടില്‍ കാലികള്‍ക്കിടയില്‍
കിടന്നു എന്നിട്ട്
ദയാഭായിയുടെ ആത്മകഥ
വായിക്കാന്‍ തന്നു..
ഞാന്‍ ഉറക്കെ വായിക്കാന്‍ തുടങ്ങി
ഹാ , അവന്‍ നെടുവീര്‍പ്പിട്ടു ..
വായനക്കിടയില്‍
പെട്ടെന്ന്
നിര്‍ത്താന്‍ പറഞ്ഞു..
എടാ ചെറുക്കാ അത് ഒന്നൂടെ വായിച്ചേ
"" മനുഷ്യനായി പിറന്നവനെ
തിരയേണ്ടതും മനുഷ്യരുടെ
ഇടയിലാണ് ""
അവന്റെ കണ്ണ് നിറഞ്ഞു ...
ഇത്തവണ ഞാന്‍
വഴക്കിട്ടു.....


ഞാന്‍ സലോമിയുടെ കാര്യം പറഞ്ഞു
നീ ഇതൊന്നും കാണുന്നില്ലേ
എന്ന് ചോദിച്ചു ?
അവന്‍ പറഞ്ഞു
എടാ,
വിശന്നപ്പോള്‍,
അവള്‍
കരഞ്ഞപ്പോള്‍ ,
തൂങ്ങി മരിച്ചാല്‍
തെമ്മാടി കുഴി വഴി
സ്വര്‍ഗത്തിലേക്ക് ഒരു
ഊട് വഴി ഉണ്ടെന്നു
അവളോട്‌ കള്ളം
പറഞ്ഞതു ഞാനാണ് ...

Monday, February 3, 2014

എത്ര നേരമായി


എത്ര നേരമായി
ഞാന്‍ ഇങ്ങനെ
ഒറ്റക്ക്
ഒറ്റക്ക് ,
കൊതി കുത്തി
കണ്ണ് ചുമക്കുമ്പോള്‍
ഇനിയും
സ്വപ്നത്തില്‍ പോലും
എനിക്ക് കടക്കാന്‍ കഴിയാത്ത
കാവിന്‍ മറ പറ്റി
എന്നിലേക്ക്‌
കറുത്ത ഉമ്മകള്‍
ഒളിച്ചു കടത്തും
തെമ്മാടി..
രാത്രിയില്‍ വിളിച്ചുണര്‍ത്തി
കൈ വെള്ളയിലൊരു
മിന്നാമിനുങ്ങിനെ
കൂട്ട് തന്നു പോയിരുന്നവന്‍,..
ദൈവത്തിനു
കൊടുക്കാന്‍ വെച്ച
കൈക്കൂലി
പിടിച്ചു വാങ്ങി
പകരം
ദിനേശ് ബീഡിയില്‍
പുകയില്‍ വളയം
തീര്‍ത്തവന്‍
ചിരിപ്പിച്ചവന്‍..


ഇരുട്ടാകുന്നു
രാത്രി നിന്നെ
മണക്കുന്നു
സ്വപനത്തില്‍ എങ്കിലും
എനിക്കൊരു
മിന്നാമിനുങ്ങിനെ
കൂട്ടിനു
തന്നേച്ചു പോകുക .........

Friday, January 3, 2014

ചൊവ്വയിലെ കുട്ടികള്‍ 


വിശപ്പ്‌ ദൈവമാകുന്ന
ഒരു തെരുവില്‍
വിശന്നു കരയുന്ന കുഞ്ഞിനു
ഒരമ്മ
വിശപ്പ്‌ മാറ്റാന്‍
ചൊവ്വയെ കുറിച്ച്
കഥകള്‍ പറഞ്ഞു കൊടുക്കുന്നു ,
കഥകള്‍ക്കൊടുവില്‍ കുട്ടി
നക്ഷത്രങ്ങളെ പിടിച്ചു
തിന്നുകയും
ചന്ദ്രനില്‍ മൂത്രമോഴിക്കുകയും
ചൊവ്വയില്‍ അപ്പിഇടുകയും
ചെയ്യുന്നു..

അമ്മക്ക് സന്തോഷം ,
ദൈവങ്ങള്‍ക്ക് സ്തുതി ... 



Wednesday, January 1, 2014

വിലക്ക് വാങ്ങിയ ഉമ്മകള്‍ 

ഇനിയും നടന്നു തീരാത്ത
കോളേജിലെ ഇടനാഴികളില്‍
മുദ്രാവാക്യങ്ങള്‍
കരഞ്ഞുറങ്ങുന്ന
ചവിട്ടുപടികളില്‍,
നീ തന്ന ആശംസാ കാര്‍ഡുകളില്‍,
സന്ദേശങ്ങളില്‍,
ഇന്നും നിന്‍റെ ചുംബനങ്ങള്‍
മണക്കുമ്പോള്‍
ഗാന്ധി തലകൊണ്ട് ,
രാത്രിയില്‍ പൂത്ത
ഏതോ വസന്തത്തോട്‌,
ഇന്ന്‍
കുറച്ചു ചുംബനങ്ങള്‍
വിലക്ക് വാങ്ങുന്നു.

ചുംബനങ്ങളില്‍
ചോര മണക്കുന്നു
പാതി മുറിഞ്ഞ ചുംബനത്തില്‍
നിന്നു ഇറങ്ങി നടക്കുന്നു...
ഇരുട്ടില്‍
പ്രണയത്തിന്റെ
ബലിക്കാക്കകള്‍
കൂകി വിളിക്കുന്നു...

നീയറിയുക,
പ്രിയേ ...
കെട്ടിഞ്ഞാന്നു
മരിക്കാന്‍
മുപ്പതു വെള്ളിക്കാശു
വിലയിട്ടു
എന്നെത്തന്നെ ,
ജീവിതത്തിനു
ഈ ചുംബനത്താല്‍
ഞാനിന്നു
ഒറ്റികൊടുത്തു......

എന്‍റെ ജനാലയരികിൽക്കൂടിയാണ് അവളുടെ കുതിര ഓടിപ്പോയത് ഞാനപ്പോൾ കുങ്കുമം വീണു ചീത്തയായ ഭൂപടം തുടച്ച് വൃത്തിയാക്കാൻ പരിശ്രമിക്കുകയായിരുന...