Friday, September 8, 2017

യുദ്ധത്തില്‍
മരിച്ച കുട്ടികള്‍
അമ്മമാരുടെ
ചുരത്താതെപോയ മുലകള്‍,

പ്രാവുകള്‍ .....

ഒലിവിലകളാല്‍ അലങ്കരിച്ച
സമാധാന സന്ദേശങ്ങൾ
കുത്തിനിറച്ച
കവചിത വാഹനം..
അവരുടെ വീട്ടിലെ
പട്ടം പറത്തുന്ന കുട്ടികള്‍

പൂമ്പാറ്റകള്‍ .....
നിനക്ക് സുഖമാണോ ?
എവിടെയാണ്?
എന്തെടുക്കുന്നു ?
എന്നാണു വരുന്നത് ?
നീ ഇതൊന്നും ചോദിച്ചിട്ടില്ല
ചോദിച്ചതിത്ര മാത്രം

നീ വല്ലതും കഴിച്ചോ ??

എനിക്ക് മനുഷ്യനെപോലെ വിശക്കുന്നു...

വലിയൊരു ആള്‍ക്കൂട്ടത്തിലേക്ക്
വീഴുന്ന
നൂറുരൂപാ നോട്ടിന്
കലാപം ഉണ്ടാക്കാന്‍ കഴിയുന്ന
നാട്ടില്‍ നിന്നാണ് ...
ഞാന്‍ വരുന്നത്അവിടെ,
വീട്ടിലേക്ക് ഓടിക്കയറുന്ന
പശുക്കിടാവിന്,
അടുക്കളയിലെ കറിക്ക്,
ഒരു പേരിന്,
എഴുത്തിന്,
പ്രതികരണങ്ങള്‍ക്ക്,
വിമര്‍ശനങ്ങള്‍ക്ക്,
മേവാത്തിലെ ബിരിയാണിക്ക്,
ദളിതന്‍റെ പൂവുകള്‍ക്ക്,
ദൈവങ്ങള്‍ക്ക്,
ചോദ്യങ്ങള്‍ക്ക്,
എല്ലാത്തിനുമിപ്പോള്‍
നിലവിളികളുടെ കുപ്പായമിട്ടുവരുന്ന
ഒരേ മുഖമാണ്

എല്ലാം ആകെ മാറിയിരിക്കുന്നു
ചങ്ങലക്കിട്ട കുറുക്കന്‍മാരുമായി
പതിവ് സവാരിക്കിറങ്ങുന്നവര്‍
അതിര്‍ത്തിയിലെ
പട്ടാളക്കാരെപ്പറ്റി
വേവലാതിപ്പെടുന്നുണ്ട്.
രാജ്യസ്നേഹ സര്‍ട്ടിഫിക്കേറ്റ്
കയ്യിലില്ലെങ്കില്‍
രാജ്യം വിടണം എന്നാണിപ്പോള്‍
പുതിയ കല്‍പ്പന

ഞങ്ങളിപ്പോള്‍
പട്ടം പറത്താറില്ല
ഉറക്കെ ചിരിക്കാറില്ല
പാട്ട് കേള്‍ക്കാറില്ല
ചുമരുകളില്‍ ചായം പൂശാറില്ല
ആടുകളെ കെട്ടഴിച്ചു വിടാറില്ല
വിശന്നു കത്തുമ്പോഴും
ഒരു പിടി അരി പോലും
കടം വാങ്ങാറില്ല
എന്തിന്,
ഒന്നുറക്കെ കൂവുക പോലും ചെയ്യാറില്ല

എങ്കിലും,
കലാപത്തില്‍ മരിച്ച
കുട്ടികളുടെ അമ്മമാരുടെ
ചുരത്താതെപോയ
മുലകളെപ്പറ്റി നമ്മള്‍
എന്തിനാണ്
മിണ്ടാതെ ഇരിക്കുന്നത്?

കാണാതെ പോയ
ആടുകകളെപ്പറ്റി
എന്തിനാണ്
ചോദിക്കാതിരിക്കുന്നത്?

പൊട്ടിത്തെറിക്കു തിരഞ്ഞെടുത്ത
പാലമല്ല നമ്മളെന്ന്
എന്തിനാണ്
ഉറപ്പിക്കാതിരിക്കുന്നത്?

മുദ്രാവാക്യങ്ങള്‍
തുന്നികൂട്ടിയ ബാനറില്‍,
തൂങ്ങി മരിച്ച
കൂട്ടുകാരന്‍, മകന്‍
നമുക്കുണ്ടെന്ന്
എന്തിനാണ്
മറന്നു പോകുന്നത്?

നിശബ്ദരായിരിക്കുക എന്നത്
വലിയ രോഗമാണെന്ന്
അയല്‍ക്കാരനോട്
എന്തിനാണ്
പറയാതെയിരിക്കുന്നത്?

വെളുത്തവന് മാത്രമായി
ഒരു ദൈവമില്ലെന്ന്
എന്തിനാണ്
എഴുതാതെയിരിക്കുന്നത്?

ചരിത്രം, അംഗീകരിക്കപ്പെട്ട
കെട്ടുകഥയല്ലെന്ന്
എന്തിനാണ്
മക്കളെ പഠിപ്പിക്കാതിരിക്കുന്നത്?

ഇന്നലെയും
അവർ ചോദിച്ചു,
ഹിന്ദുവോ അതോ മുസല്‍മാനോ?

ഞാന്‍ പറഞ്ഞു
ഞാനിന്ന്
രാജ്യദ്രോഹിയാണ്,
എനിക്ക് മനുഷ്യനെപ്പോലെ
വിശക്കുന്നു

രാത്രിയോട് ഞാൻ
എന്തിനു കലഹിക്കണം ?
നക്ഷത്രങ്ങൾ ഊതിക്കെടുത്തി
പിന്നലൊളിപ്പിക്കാൻ
നീ വരും
എന്നൊക്കെ ഞാൻ
വെറുതെ കള്ളം
പറഞ്ഞതാണു,

ഈ രാത്രിയും കടന്നു പോകും
നാളെയും ഞാൻ നിന്നെയോർക്കും
അവസാന അത്താഴത്തിന്റെ രാത്രിയിൽ
ആ നെറ്റിയിലെ ചുംബനം
എന്റെ സ്നേഹമായിരുന്നു

നീ കേൾക്കുന്നുണ്ടോ
തോറ്റു പോയവർ പാടുന്ന
പാട്ടാകണം നമുക്ക് ............

Sunday, May 7, 2017ആത്മഹത്യ ചെയ്ത
കൂട്ടുകാരിക്കയച്ച
കത്ത് ഇന്നലെ
തിരിച്ചു വന്നു,
അവനും മരിച്ചുപോയെന്ന്
പറഞ്ഞു
പോസ്റ്റ്മാനത്
തിരിച്ചു കൊടുത്തു വിട്ടു


അയാള്‍ക്കത് തുറക്കാം
വായിക്കാം
അല്ലാതെയും ഇരിക്കാം,
കീറികളയാം,
വള്ളമോ
വിമാനമോ ഉണ്ടാക്കാം,
മേശ തുടക്കാം,
എവിടെ എങ്കിലും മറന്നു വെക്കാം,
മറ്റാര്‍ക്കെങ്കിലും മാറി കൊടുക്കാം
വിറകോ
ബീഡിയോ കത്തിക്കാം,
വായിലെ ബബിള്‍ഗമോ
മുറുക്കാനോ പൊതിഞ്ഞു
ദൂരെ എറിയാം


ഞാനിപ്പോള്‍
അതോര്‍ത്തിരിക്കുന്നു
വെറുതെ
വല്ലാതെ ബോറഡിക്കുന്നു.....
അവസാന വണ്ടിയും
പൊയ്‌ക്കഴിഞ്ഞു,
വീട്ടിലേക്കുള്ള വഴി
മറന്നു പൊയെന്നു
ആരോട്
കള്ളം പറയും .....

ഇലയെ വരക്കുന്ന കുട്ടിയോട്
മരത്തെക്കുറിച്ച്
സംസാരിക്കുന്നത്
എത്ര ബോറായിരിക്കാം?


അവസാന വണ്ടിയും
പോയ്ക്കഴിഞ്ഞവന്റെ
പ്രാര്‍ത്ഥന ആ
വണ്ടിയെകുറിച്ച്
തന്നാകുമ്പോള്‍
ദൈവത്തിനു
എന്ത് ചെയ്യാനാകും എന്നാണു ?

അതൊക്കെ പോട്ടെ
മരിച്ചു പോയ കൂട്ടുകാരിയുടെ
കുഴിമാടത്തില്‍
പൂക്കളെ വരക്കുന്ന
കൂട്ടുകാരന്‍ ഉണ്ടെന്നിരിക്കെ
സ്നേഹത്തെകുറിച്ച്
നി / ങ്ങളെന്നോട്
തര്‍ക്കിക്കരുത്...

യുദ്ധത്തില്‍ മരിച്ച കുട്ടികള്‍ അമ്മമാരുടെ ചുരത്താതെപോയ മുലകള്‍, പ്രാവുകള്‍ ..... ഒലിവിലകളാല്‍ അലങ്കരിച്ച സമാധാന സന്ദേശങ്ങൾ കു...