Saturday, March 21, 2015

വിപ്ലവങ്ങളുടെ ദേവത


പ്രിയപ്പെട്ട ഇറോം,
താഴ്വരയില്‍,
തോക്കിന്‍തിരകള്‍
തിന്നാന്‍ വിധിക്കപ്പെട്ട
ആളുകള്‍ക്കിടയില്‍ നിന്ന്‍
നിനക്കെഴുതുന്നു.


അമ്മ,
നിന്‍റെ കഥകള്‍
പറഞ്ഞുതന്നിട്ടുണ്ട്.
അമ്മൂമ്മയായ
ഇറോം ടോന്‍സിജദേവിയുടെ
യുദ്ധകഥകള്‍ കേട്ടിട്ടുണ്ട്.

പതിനാല് കൊല്ലമാകുന്നു
ഏത് ഗോത്ര ദേവതയാണ്
വിശപ്പിനെ സമരമാക്കാന്‍
നിനക്കിത്ര ധൈര്യം തരുന്നത്??

പ്രിയപ്പെട്ട ഇറോം,
ലിംഗം ആയുധമാക്കിയ
ഒരുകൂട്ടം പട്ടാളക്കാര്‍
തീവ്രവാദി എന്ന് വിളിച്ച്
അമ്മയെ പിടിച്ചുകൊണ്ടുപോയി
അയ്യായിരം രൂപയും,
കറിക്കത്തിയും
തെളിവായി കൊണ്ടുപോയി.

അമ്മയുടെ
ജനനേന്ദ്രിയത്തില്‍ നിന്നുമാത്രം
അഞ്ചു വെടിയുണ്ടകള്‍ കിട്ടിയെന്ന്‍
പത്രങ്ങള്‍ പറഞ്ഞു.
ഞാന്‍ കരഞ്ഞിട്ടില്ല...
അമ്മയും.!


ഏതു സമയത്തും
ഞാനും കൊല്ലപ്പെട്ടേക്കാം.
പെണ്ണിന്,
ഉദ്ധരിച്ച ലിംഗവും
ആണിന്,
വെടിയുണ്ടകളുമായി
പട്ടാള വണ്ടികള്‍
പാഞ്ഞുനടക്കുന്നുണ്ട്

കൊല്ലമിതിത്രയാകുന്നു,
ഈ താഴ്വാരം
അതൊരു കോളനി മാത്രമാണ്.

പ്രിയപ്പെട്ട ഇറോം
ചരിത്രം കെട്ടുകഥകള്‍ മെനയുന്നു
ഒരൊറ്റ രാജ്യമെന്നത് എത്ര കള്ളമാണ്.

രാത്രിയില്‍,
കൊളുത്തിയ പന്തവുമായി
തെരുവുകള്‍ തോറും റോന്തു ചുറ്റുന്ന
അമ്മമാരെ ഞാന്‍ കാണാറുണ്ട് ,
ഇരുമ്പ് വിളക്കുകാലിനുനേരെ എറിയാന്‍
കല്ലുമായാണ് ഇപ്പോള്‍ ഉറങ്ങുന്നത്.
എനിക്കറിയാം,
ആ ശബ്ദം കേട്ടാല്‍
അടുത്തെവിടെ നിന്നെങ്കിലും
മെയ്‍‍രാ പെയ്ബീസ് ഓടിയെത്തുമെന്ന്..

ആരാണവര്‍ക്കിത്ര
ധൈര്യം കൊടുക്കുന്നത് ??

പ്രിയപ്പെട്ട ഇറോം , ,
ഒരിക്കല്‍ മക്കള്‍ എന്നോടുചോദിക്കും
വിപ്ലവങ്ങള്‍ക്ക് ഒരു ദൈവമുണ്ടോ??
അവന്‍റെ / അവളുടെ പേരെന്താണെന്ന്??
അന്നവര്‍ക്ക് ഞാന്‍
നിന്‍റെ പേര് പറഞ്ഞുകൊടുക്കും
ഇറോം ചാനു ഷര്‍മ്മിള


പ്രിയപ്പെട്ട ഇറോം,
മാലോമിന്‍റെ തെരുവുകളില്‍
പൂക്കുന്ന ചുവന്ന പൂവുകള്‍ക്ക്
ഞങ്ങള്‍ നിന്‍റെ പേരിടുന്നു...
കൂകി, ചിരു , ചോത്തി
ഗോത്രങ്ങളുടെ യുദ്ധ ദേവതക്കു
നിന്റെ പേരിടുന്നു.
മരിച്ചുകൊണ്ടിരിക്കുന്ന
കാച്ചിന്‍ മഴക്കാടുകളിലെ
മരങ്ങള്‍ക്ക്,
ജീവജാലങ്ങള്‍ക്ക്
പോരാടുന്ന മനുഷ്യര്‍ക്ക്‌,
തടാകത്തിലെ മീനുകള്‍ക്ക്,
നാളെ ജനിക്കാനിരിക്കുന്ന കുട്ടികള്‍ക്ക്,
വരാനിരിക്കുന്ന വിപ്ലവങ്ങള്‍ക്ക്
ഞങ്ങള്‍ നിന്‍റെ പേരിടുന്നു..


പ്രിയപ്പെട്ട ഇറോം ,
ഞാന്‍ നിര്‍ത്തുന്നു.
തീവ്രവാദിയുടെ
കുപ്പായവും തുന്നി
പട്ടാള വണ്ടി
അതാ എത്തിക്കഴിഞ്ഞു...
ഞാനതില്‍, വെടിയുണ്ടകളുടെ
ബട്ടന്‍സുകള്‍ തുന്നട്ടെ...


**************************************************************************************************************
(മെയ്‍‍രാ പെയ്ബീസ് : മണിപ്പൂരില്‍ അക്രമങ്ങള്‍ തടയാന്‍ ശ്രമിക്കുന്ന അമ്മമാരുടെ സംഘം )

No comments:

Post a Comment

എന്‍റെ ജനാലയരികിൽക്കൂടിയാണ് അവളുടെ കുതിര ഓടിപ്പോയത് ഞാനപ്പോൾ കുങ്കുമം വീണു ചീത്തയായ ഭൂപടം തുടച്ച് വൃത്തിയാക്കാൻ പരിശ്രമിക്കുകയായിരുന...