Sunday, May 24, 2015


അപ്പന്‍റെ മീനുകള്‍


തടിപ്പണി കഴിഞ്ഞു
അപ്പന്‍ എട്ടിനെത്തും
കുഞ്ചിപ്പട്ടിയും അപ്പനും
പാടത്തെ
രണ്ടായി പകുത്തു
ചെറിയ റോഡിലൂടെ
കീശ നിറയെ
നിലാവുമായി
കുറെ കവിള്‍
സംസാരിച്ചു വരും



ദിനേശ് ബീഡി
കുത്തി കെടുത്തി
മുഷിഞ്ഞ ഒരു കവര്‍
അമ്മക്ക് കൊടുക്കും
ചെറുക്കന്മാര്‍
എവിടെഡീന്ന് ചോദിക്കും
നിലാവുമായി
അമ്മ
അകത്തേക്ക് പോകും

വെള്ളം ചൂടാക്കാന്‍ പറയും
ഇറയത്തെ കസേരയില്‍
ഒരു ബീഡി
അപ്പനെ വലിച്ചു
ഇങ്ങനെ ഇരിക്കും..

പൂച്ചകള്‍ അപ്പനെ
ഉമ്മവെക്കും..

അനിയന്‍ വരും
അപ്പന്‍റെ തോളില്‍ പിടിക്കും
അപ്പന്‍റെ ഇടത്തെ തോളില്‍ തടി
ചുമന്നു തൊലി
പൊളിഞ്ഞു ഇരിക്കുന്നുണ്ടാകും
അവനതു തൊടും
അവിടുമ്മ വെക്കും
അപ്പനെ നോക്കും
അപ്പന്‍ ചിരിക്കും
അവന്റെ കണ്ണ് നിറയും

രാത്രിയില്‍
ഞങ്ങളപ്പനെ പുതക്കും ...

തിരിഞ്ഞു നോക്കുമ്പോൾ
തോനുന്നു,
അപ്പൻ കുത്തി
കെടുത്തുന്ന
ദിനേശ് ബീഡി
മാത്രമാണ് ജീവിതം ..

No comments:

Post a Comment

എന്‍റെ ജനാലയരികിൽക്കൂടിയാണ് അവളുടെ കുതിര ഓടിപ്പോയത് ഞാനപ്പോൾ കുങ്കുമം വീണു ചീത്തയായ ഭൂപടം തുടച്ച് വൃത്തിയാക്കാൻ പരിശ്രമിക്കുകയായിരുന...