Wednesday, November 13, 2013

ഉമ്മ  മരം 


ഒന്നുമില്ലാത്തൊരു പകല്‍
തലേന്നടിച്ച
പൈന്റിന്‍റെ ബലത്തില്‍
ഇരുപതോന്നിന്റെ ചൂടില്‍
മരം വെട്ടുകാരനായ
അവന്‍ ആ മല കയറുമ്പോള്‍
മല മുകളില്‍
ഒരു മരം
ദൈവത്തോട്
സംസാരിക്കുകയായിരുന്നു ...

തൈ മരം ..
നോവും,
അവനറിഞ്ഞു ..
വെട്ടി വീഴ്ത്തിയില്ല ,
ചുവടോടെ
പിഴുതെടുത്തു..
വേരുകള്‍ കരഞ്ഞു
ചില്ലകള്‍
ചേര്‍ത്തുപിടിച്ചു
അവിടെ "ഒരാകാശം"
കുന്നിന്റെ
ഒരു മൂലയില്‍ നിന്ന്
ചാടി മരിച്ചത് മാത്രം
ആരുമറിഞ്ഞില്ല ...

നിറയെ വെള്ളമുണ്ടായിട്ടും
നിറയെ
മഴ പെയ്തിട്ടും
വറ്റി വരണ്ടൊരു
മണ്ണില്‍
ഹൃദയത്തോളം
ആഴത്തില്‍
തടമെടുത്തു പിന്നവനത്
നട്ടു...

ആ മരത്തില്‍ ഇന്നു
നിറയെ
ഉമ്മകള്‍ പൂക്കുന്നു..
എന്‍റെ ഉമ്മകള്‍
പൂക്കുന്ന
മരം ....

No comments:

Post a Comment

എന്‍റെ ജനാലയരികിൽക്കൂടിയാണ് അവളുടെ കുതിര ഓടിപ്പോയത് ഞാനപ്പോൾ കുങ്കുമം വീണു ചീത്തയായ ഭൂപടം തുടച്ച് വൃത്തിയാക്കാൻ പരിശ്രമിക്കുകയായിരുന...