Monday, August 1, 2016

എദന്‍തോട്ടത്തില്‍
ദൈവം മറന്നുകളഞ്ഞ
ഒലീവ്
മരമായിരുന്നു നമ്മള്‍

ഏതോ രാത്രിയില്‍
വഴിതെറ്റിപ്പോയ
ഇടയര്‍ പാടിയ
ഗോത്രഗാനമായിരുന്നു നമ്മള്‍..

കടലില്‍, മുക്കുവന്‍
വിശപ്പിനുനേരെ എറിഞ്ഞ
ചാട്ടുളിയായിരുന്നു
നമ്മള്‍

അവന്‍റെ മാത്രം പെണ്ണിന്റെ
പ്രാര്‍ത്ഥനകളായിരുന്നു
നമ്മള്‍...

കുന്നിന്‍ ചെരുവില്‍
ഒരിക്കല്‍ മാത്രം
കാലംതെറ്റി പൂത്തിരുന്ന
ഹെയിസല്‍ പുഷ്പമായിരുന്നു
നമ്മള്‍...

കാമുകി, കാമുകന്റെ
തുടയില്‍
പച്ചകുത്തിയ
കുതിര മുഖമായിരുന്നു നമ്മള്‍
അവന്‍ അവളെ
അമര്‍ത്തി ചുംബിക്കുമ്പോഴെല്ലാം
ചുണ്ടില്‍ പറ്റിയ
പിന്‍കഴുത്തിലെ
ഉപ്പുരസമായിരുന്നു
നമ്മള്‍...

വഴിതെറ്റിയ കാറ്റില്‍
ഒരേ തീരത്തടിഞ്ഞ
പായ്കപ്പലുകളായിരുന്നു
നമ്മള്‍...

യുദ്ധത്തിനു പുറപ്പെടും മുന്നേ
മകന്‍ അമ്മക്ക് കൊടുത്ത
അവസാന ചുംബനമായിരുന്നു
നമ്മള്‍,
അവന്‍റെ കാമുകിയുടെ
ആരും വായിക്കാതെ പോയ
കത്തുകളായിരുന്നു
നമ്മള്‍...

ശ്മശാന
കാവല്‍ക്കാരന്റെ
നിശബ്ദതയായിരുന്നു നമ്മള്‍..

ഉറക്കത്തില്‍ ചിരിക്കുന്ന
കുട്ടികള്‍ കണ്ട
സ്വപ്നമായിരുന്നു നമ്മള്‍..
.
കാറ്റായിരുന്നു,
കടലായിരുന്നു...

ആകാശവും
ഭൂമിയും
എല്ലാം
എല്ലാം
നമ്മളായിരുന്നു...

No comments:

Post a Comment

എന്‍റെ ജനാലയരികിൽക്കൂടിയാണ് അവളുടെ കുതിര ഓടിപ്പോയത് ഞാനപ്പോൾ കുങ്കുമം വീണു ചീത്തയായ ഭൂപടം തുടച്ച് വൃത്തിയാക്കാൻ പരിശ്രമിക്കുകയായിരുന...