Tuesday, January 5, 2016


ഗ്രാമത്തിന്‍റെ ഫോസിൽ പൂത്ത 
നഗരത്തിലെ എഴാം ക്ലാസ്സ്
*****************************************************

"നഗരം" എന്ന് പേരുള്ള
മാലിന്യവണ്ടി
ഗ്രാമത്തെ
ബലാത്സംഗം ചെയ്യുമ്പോൾ
പുഴവക്കില്‍ ഒരുവന്‍
ചൂണ്ടയിടുന്നു...
ചൂണ്ടയില്‍,
ചത്ത മീനുകള്‍ കൊത്തുന്നു...

പ്ലാസ്റ്റിക്ക്‌ ഇലകളിൽ
കാറ്റ് വീശുമ്പോള്‍
വരണ്ട പാടത്ത്,
വിശപ്പിനെ വിതച്ച് കര്‍ഷകന്‍,
വിത്തിനോടൊപ്പം മണ്ണിലേക്കാഴ്ന്നിറങ്ങാൻ
ഉറപ്പുള്ളോരു
കൊമ്പ്‌ തിരയുന്നു...

ഒരുവള്‍
കയ്യില്ലാത്ത,
കാലില്ലാത്ത
കുപ്പായം തുന്നുന്നു..
അവ
ശവപ്പെട്ടികളില്‍
പൂട്ടിവയ്ക്കുന്നു
ശേഷം, വിപ്ലവത്തിന്റെ
കുപ്പായമിടുന്നു...

ഒരു കൂട്ടം നിലവിളികളെ
ലാത്തികള്‍ വിഴുങ്ങുമ്പോൾ
"നഗരവല്‍ക്കരണം"
എന്ന ബോർഡുമേന്തി
മരണ ഘോഷയാത്ര
കടന്നു പോകുന്നു...

കോൺക്രീറ്റ്‌ കാട്ടില്‍
കുട്ടികള്‍,
ഇലയുള്ള
മരങ്ങളെ വരയ്ക്കുന്നു
പൂക്കളേയും
പൂമ്പാറ്റകളേയും വരയ്ക്കുന്നു
ചിരിക്കുന്നു...
വിശുദ്ധനുണകളാല്‍
കാലം അവരെ ഒറ്റുകൊടുക്കുന്നു

എല്ലാ നഗരത്തിനും കീഴെ,
നമ്മള്‍ കൊന്നുതള്ളിയ ഗ്രാമത്തിന്റെ 
ഫോസിലുണ്ടെന്നെഴുതിയ കുട്ടിയെ,
അദ്ധ്യാപകന്‍
ക്ലാസ്സിൽ നിന്നും പുറത്താക്കുന്നു...

അവന്‍ മാത്രം
നിലാവ് തെളിച്ചുകൊണ്ട്
വീട്ടിലേക്കു പോകുന്നു,
ചുമരില്‍
അമ്മ ചിരിക്കുന്നു ...

No comments:

Post a Comment

എന്‍റെ ജനാലയരികിൽക്കൂടിയാണ് അവളുടെ കുതിര ഓടിപ്പോയത് ഞാനപ്പോൾ കുങ്കുമം വീണു ചീത്തയായ ഭൂപടം തുടച്ച് വൃത്തിയാക്കാൻ പരിശ്രമിക്കുകയായിരുന...