Tuesday, November 19, 2013

പെഴച്ചവള്‍...

അവളെ പെഴച്ചവളെന്ന്‍
ആദ്യം വിളിച്ചത് അപ്പനാണ്.
അമ്മക്കും
ഇഷ്ടമല്ലവളെ,
കണ്ടാലുടന്‍
ഓടിമാറുന്നതാണ് പതിവ്.

ഒന്ന് തൊടാന്‍ പോലും അവളെ
അനുവദിക്കാതെ
അകലേന്നു തന്നെ
എല്ലാം
ഒളിച്ചു വെക്കും
വല്യമ്മച്ചി.

മുറ്റത്തോ തൊടിയിലോ
അവക്കൊപ്പം നടന്നാല്‍
അപ്പൊ തുടങ്ങും പുകില് ,
പാട വരമ്പിലൂടെ
അവളെ തോപ്പിച്ചോടിയിട്ടുണ്ട്

ഞാന്‍.

ക്രിക്കറ്റ് കളിക്കുമ്പോള്‍
ചിലപ്പോള്‍ അവളും കൂടും
കുലുങ്ങി ചിരിക്കും,
ദേഷ്യപ്പെടും,
ഒച്ചവെക്കും ..
പിന്നെ കാറ്റിന്റെ മറ പറ്റി
ഒളിച്ചിരിക്കും..
അത്രയ്ക്ക് കൂട്ടായിരുന്നു
ഇഷ്ടമായിരുന്നു.

ഞങ്ങളൊരുമിച്ചെത്ര
യാത്രകള്‍..
പള്ളിക്കൂടങ്ങള്‍
ചായപ്പീടികകള്‍
കളിക്കളങ്ങള്‍...
അതിനും കിട്ടിയിട്ടുണ്ട്
വഴക്ക്.

അങ്ങനെയിരിക്കെ ചിലപ്പോ
അവളൊരു പോക്കങ്ങ്
വെച്ച് കൊടുക്കും.

പിന്നെ ചോദിക്കാതെ,
രാത്രി എന്നോ,
പകലെന്നോ ഇല്ലാതെ
മുന്പെത്തപ്പോലെ
ഒരു താന്തോന്നിയായ്
ജനല് വഴി
വിളിച്ചുണര്‍ത്തും.
പിന്നേം സ്നേഹിക്കും.

വായന ശാലയിലെ ചേട്ടന്‍
അവളെക്കുറിച്ചൊരിക്കല്‍
കവിത
എഴുതിത്തന്നു.
സ്വന്തമെന്നാകെയുള്ള
തലയിണ കീഴെ
കുറെകാത്തു.
പിന്നെയവള് തന്നെ 

കട്ടെടുത്തു.

പ്രണയം തോന്നിയപ്പോള്‍,
കരഞ്ഞപ്പോള്‍ ,
വല്യപ്പന്റെ കുഴി
വെട്ടി മൂടുമ്പോള്‍ ,
അങ്ങേ വീട്ടിലെ കല്യാണത്തിന്
ഇല വിരിക്കുമ്പോള്‍,
പിന്നെ ഓണത്തിന്,
പെരുന്നാളിന്,
അങ്ങനെ അങ്ങനെ ..
കടല്‍ കടന്നു പോരുമ്പോള്‍
അവിടെയും
എല്ലായിടത്തും അവളുണ്ടായിരുന്നു.

"പെഴച്ചവളേ എന്ന്
ഞാന്‍ വിളിച്ചിട്ടുണ്ടോ,
ഇല്ലല്ലോ "??
ഇന്നും ചോദിച്ചു.
മറുപടിയായി
അവള്‍ ചിരിച്ചു ,
ചെറു കാറ്റില്‍
ഒരു തുള്ളി
കവിളില്‍
തൊട്ടു ...............

No comments:

Post a Comment

എന്‍റെ ജനാലയരികിൽക്കൂടിയാണ് അവളുടെ കുതിര ഓടിപ്പോയത് ഞാനപ്പോൾ കുങ്കുമം വീണു ചീത്തയായ ഭൂപടം തുടച്ച് വൃത്തിയാക്കാൻ പരിശ്രമിക്കുകയായിരുന...