Thursday, March 26, 2015

അലരിയില്‍
തൂക്കിയിട്ട
എന്റെ കിന്നരങ്ങള്‍
കാറ്റില്‍
പ്രാചീനമായ ഒരു ഗോത്ര ഗാനം
പുറപ്പെടുവിക്കുന്നു ..
ആരോ അത്
ഞാൻ അറിയാത്ത
ഭാഷയിലേക്ക്
വിവർത്തനം
ചെയ്യുന്നു .. 


നഗര കാവല്‍ക്കാര്‍ 
ഉറങ്ങുമ്പോള്‍ 
കൂടാര
കൊടിക്കൂറയില്‍
ഞാന്‍ നിന്നെ 
പച്ച കുത്തുന്നു 

ഞാന്‍ 

രാത്രിയാകുന്നു,

നിന്റെ
പേരുചൊല്ലി
വിളിക്കുന്നു ..

 എവിടെയാണ് നീ ???

Sunday, March 22, 2015

കാത്തു കാത്തിരുന്ന
എത്ര എത്ര
മയിൽ പീലികൾ
പെറാതെ പോയിരിക്കുന്നു
മയിൽപീലികളെത്ര കള്ളമാണ്

രാത്രിയെ
കള്ളുമണക്കുമ്പോള്‍
നക്ഷത്രങ്ങളെ
ഊതി കെടുത്തി
ഇരുട്ടില്‍
നീ ഇനിയും വരണം

അമ്മ കരയുമ്പോള്‍
സ്വപ്നത്തിലെന്‍റെ
കൈപിടിക്കണം
നിന്റെ
പിന്നിലോളിപ്പിക്കണം....

Saturday, March 21, 2015

വിപ്ലവങ്ങളുടെ ദേവത


പ്രിയപ്പെട്ട ഇറോം,
താഴ്വരയില്‍,
തോക്കിന്‍തിരകള്‍
തിന്നാന്‍ വിധിക്കപ്പെട്ട
ആളുകള്‍ക്കിടയില്‍ നിന്ന്‍
നിനക്കെഴുതുന്നു.


അമ്മ,
നിന്‍റെ കഥകള്‍
പറഞ്ഞുതന്നിട്ടുണ്ട്.
അമ്മൂമ്മയായ
ഇറോം ടോന്‍സിജദേവിയുടെ
യുദ്ധകഥകള്‍ കേട്ടിട്ടുണ്ട്.

പതിനാല് കൊല്ലമാകുന്നു
ഏത് ഗോത്ര ദേവതയാണ്
വിശപ്പിനെ സമരമാക്കാന്‍
നിനക്കിത്ര ധൈര്യം തരുന്നത്??

പ്രിയപ്പെട്ട ഇറോം,
ലിംഗം ആയുധമാക്കിയ
ഒരുകൂട്ടം പട്ടാളക്കാര്‍
തീവ്രവാദി എന്ന് വിളിച്ച്
അമ്മയെ പിടിച്ചുകൊണ്ടുപോയി
അയ്യായിരം രൂപയും,
കറിക്കത്തിയും
തെളിവായി കൊണ്ടുപോയി.

അമ്മയുടെ
ജനനേന്ദ്രിയത്തില്‍ നിന്നുമാത്രം
അഞ്ചു വെടിയുണ്ടകള്‍ കിട്ടിയെന്ന്‍
പത്രങ്ങള്‍ പറഞ്ഞു.
ഞാന്‍ കരഞ്ഞിട്ടില്ല...
അമ്മയും.!


ഏതു സമയത്തും
ഞാനും കൊല്ലപ്പെട്ടേക്കാം.
പെണ്ണിന്,
ഉദ്ധരിച്ച ലിംഗവും
ആണിന്,
വെടിയുണ്ടകളുമായി
പട്ടാള വണ്ടികള്‍
പാഞ്ഞുനടക്കുന്നുണ്ട്

കൊല്ലമിതിത്രയാകുന്നു,
ഈ താഴ്വാരം
അതൊരു കോളനി മാത്രമാണ്.

പ്രിയപ്പെട്ട ഇറോം
ചരിത്രം കെട്ടുകഥകള്‍ മെനയുന്നു
ഒരൊറ്റ രാജ്യമെന്നത് എത്ര കള്ളമാണ്.

രാത്രിയില്‍,
കൊളുത്തിയ പന്തവുമായി
തെരുവുകള്‍ തോറും റോന്തു ചുറ്റുന്ന
അമ്മമാരെ ഞാന്‍ കാണാറുണ്ട് ,
ഇരുമ്പ് വിളക്കുകാലിനുനേരെ എറിയാന്‍
കല്ലുമായാണ് ഇപ്പോള്‍ ഉറങ്ങുന്നത്.
എനിക്കറിയാം,
ആ ശബ്ദം കേട്ടാല്‍
അടുത്തെവിടെ നിന്നെങ്കിലും
മെയ്‍‍രാ പെയ്ബീസ് ഓടിയെത്തുമെന്ന്..

ആരാണവര്‍ക്കിത്ര
ധൈര്യം കൊടുക്കുന്നത് ??

പ്രിയപ്പെട്ട ഇറോം , ,
ഒരിക്കല്‍ മക്കള്‍ എന്നോടുചോദിക്കും
വിപ്ലവങ്ങള്‍ക്ക് ഒരു ദൈവമുണ്ടോ??
അവന്‍റെ / അവളുടെ പേരെന്താണെന്ന്??
അന്നവര്‍ക്ക് ഞാന്‍
നിന്‍റെ പേര് പറഞ്ഞുകൊടുക്കും
ഇറോം ചാനു ഷര്‍മ്മിള


പ്രിയപ്പെട്ട ഇറോം,
മാലോമിന്‍റെ തെരുവുകളില്‍
പൂക്കുന്ന ചുവന്ന പൂവുകള്‍ക്ക്
ഞങ്ങള്‍ നിന്‍റെ പേരിടുന്നു...
കൂകി, ചിരു , ചോത്തി
ഗോത്രങ്ങളുടെ യുദ്ധ ദേവതക്കു
നിന്റെ പേരിടുന്നു.
മരിച്ചുകൊണ്ടിരിക്കുന്ന
കാച്ചിന്‍ മഴക്കാടുകളിലെ
മരങ്ങള്‍ക്ക്,
ജീവജാലങ്ങള്‍ക്ക്
പോരാടുന്ന മനുഷ്യര്‍ക്ക്‌,
തടാകത്തിലെ മീനുകള്‍ക്ക്,
നാളെ ജനിക്കാനിരിക്കുന്ന കുട്ടികള്‍ക്ക്,
വരാനിരിക്കുന്ന വിപ്ലവങ്ങള്‍ക്ക്
ഞങ്ങള്‍ നിന്‍റെ പേരിടുന്നു..


പ്രിയപ്പെട്ട ഇറോം ,
ഞാന്‍ നിര്‍ത്തുന്നു.
തീവ്രവാദിയുടെ
കുപ്പായവും തുന്നി
പട്ടാള വണ്ടി
അതാ എത്തിക്കഴിഞ്ഞു...
ഞാനതില്‍, വെടിയുണ്ടകളുടെ
ബട്ടന്‍സുകള്‍ തുന്നട്ടെ...


**************************************************************************************************************
(മെയ്‍‍രാ പെയ്ബീസ് : മണിപ്പൂരില്‍ അക്രമങ്ങള്‍ തടയാന്‍ ശ്രമിക്കുന്ന അമ്മമാരുടെ സംഘം )

Tuesday, November 25, 2014

നീ ഓർമ്മകളിൽ
മുങ്ങാം കുഴി
ഇടുമ്പോൾ
ഞാൻ
കരക്കിരുന്നെണ്ണുന്ന
കുട്ടിയാകുന്നു..

ഒന്ന്
രണ്ട്
മൂന്ന്...........
ഇന്നിതാ
സ്വപ്നത്തില്‍,
നിന്‍റെ മടിയില്‍ ഞാന്‍
ആകാശത്തേക്ക്
കണ്‍ തുറക്കുന്നു..
നിനക്കായ് ഒളിച്ചു കടത്തിയ
നക്ഷത്രങ്ങളില്‍
അമ്മ മണക്കുന്നു
കൈക്കുള്ളില്‍
നിറയെ
നിനക്കുള്ള
മഞ്ചാടി കുരുക്കള്‍,
അപ്പൂപ്പന്‍ താടികള്‍ ,
മിന്നാ മിനുങ്ങുകള്‍...........



— feeling ചേച്ചി .

Tuesday, September 23, 2014

ദേശാടന കാക്കകള്‍

നാളെ ഒരു കഥയില്‍
ഒരു കവിതയില്‍
ഒരു സ്കൂളില്‍
ഉത്തര കടലാസില്‍
തോല്‍ക്കാന്‍ മനസില്ലാത്തവന്റെ
കീറിയ കീശയില്‍
നില്‍പ്പ്=നിലനില്‍പ്പ്
എന്നൊരു ഉത്തരമുണ്ടാകും
അന്ന് കാലം വെളുപ്പിനെ
കൂക്കി വിളിക്കും ,

നില്‍പ്പിന്റെ
എഴുപതാം പകല്‍
ചേര്‍ന്നു നില്‍ക്കുമ്പോള്‍
ജീവിതത്തിലാദ്യമായ്
ചേട്ടനൊരു
പൂമരമായെന്നു തോന്നി
ചുവന്ന പൂമരം

കേരളത്തില്‍ ഏതെങ്കിലും
ഒരു പട്ടികജാതിക്കാരന്
സ്വന്തമായി ഒരു പലചരക്ക്
കടയുണ്ടോ ?
സ്വന്തംആയി ഒരു ഹോട്ടലുണ്ടോ ?
ഒരു സ്കൂളോ
കോളേജോ ഉണ്ടോ ?
പോട്ടെ
ഒരു കള്ള്ഷാപ്പെങ്കിലും ഉണ്ടോ ?
ഉണ്ടോടാ ?????
അവന്‍റ്മ്മേടെ സമത്വം ..

ഞാന്‍ ചില്ലുകൂട്ടിലെ
ഗുരു ദേവനെ നോക്കി
ഗൌരവത്തിലാ
ജാതി പറയരുത്..
പാഞ്ഞോടിയ ബസിന്റെ
പുറകില്‍
അയ്യങ്കാളി ഇതു
കേട്ടിട്ടാകാം പുഞ്ചിരി തൂകി ..

ചേട്ടനൊരു പുകയെടുത്തു
പുകയില്‍ ഒരു
കാക്ക കരഞ്ഞു
ദേശാടന കാക്ക ..




 എന്തിനായിരുന്നു?


ഒരു നോട്ടം കൊണ്ടോ
ഒരു വാക്ക് കൊണ്ടോ
എനിക്ക് പറക്കാന്‍
നീ
കടം തരാതെ പോയ
ആകാശം

വേലി പടര്‍പ്പുകള്‍ക്കിടയിലൂടെ
നിന്നിലേക്ക്‌ തുറന്നിരുന്ന
മറന്നുപോയ
ഇടവഴികള്‍

ഇനിയുമെത്താത്ത
യാത്രകള്‍..

എത്ര ദൂരെയാണ്
എത്ര അന്യനാണ്
ഞാന്‍

എന്നിട്ടും
പാതി മുറിഞ്ഞ
ഈ സ്വപ്നതില്‍ നിന്ന്
നിറുകില്‍ ഉമ്മവെച്ച്
എന്നെ വിളിച്ചുണര്‍ത്തിയത്
എന്തിനായിരുന്നു

എന്‍റെ ജനാലയരികിൽക്കൂടിയാണ് അവളുടെ കുതിര ഓടിപ്പോയത് ഞാനപ്പോൾ കുങ്കുമം വീണു ചീത്തയായ ഭൂപടം തുടച്ച് വൃത്തിയാക്കാൻ പരിശ്രമിക്കുകയായിരുന...