Tuesday, November 25, 2014

നീ ഓർമ്മകളിൽ
മുങ്ങാം കുഴി
ഇടുമ്പോൾ
ഞാൻ
കരക്കിരുന്നെണ്ണുന്ന
കുട്ടിയാകുന്നു..

ഒന്ന്
രണ്ട്
മൂന്ന്...........
ഇന്നിതാ
സ്വപ്നത്തില്‍,
നിന്‍റെ മടിയില്‍ ഞാന്‍
ആകാശത്തേക്ക്
കണ്‍ തുറക്കുന്നു..
നിനക്കായ് ഒളിച്ചു കടത്തിയ
നക്ഷത്രങ്ങളില്‍
അമ്മ മണക്കുന്നു
കൈക്കുള്ളില്‍
നിറയെ
നിനക്കുള്ള
മഞ്ചാടി കുരുക്കള്‍,
അപ്പൂപ്പന്‍ താടികള്‍ ,
മിന്നാ മിനുങ്ങുകള്‍...........



— feeling ചേച്ചി .

Tuesday, September 23, 2014

ദേശാടന കാക്കകള്‍

നാളെ ഒരു കഥയില്‍
ഒരു കവിതയില്‍
ഒരു സ്കൂളില്‍
ഉത്തര കടലാസില്‍
തോല്‍ക്കാന്‍ മനസില്ലാത്തവന്റെ
കീറിയ കീശയില്‍
നില്‍പ്പ്=നിലനില്‍പ്പ്
എന്നൊരു ഉത്തരമുണ്ടാകും
അന്ന് കാലം വെളുപ്പിനെ
കൂക്കി വിളിക്കും ,

നില്‍പ്പിന്റെ
എഴുപതാം പകല്‍
ചേര്‍ന്നു നില്‍ക്കുമ്പോള്‍
ജീവിതത്തിലാദ്യമായ്
ചേട്ടനൊരു
പൂമരമായെന്നു തോന്നി
ചുവന്ന പൂമരം

കേരളത്തില്‍ ഏതെങ്കിലും
ഒരു പട്ടികജാതിക്കാരന്
സ്വന്തമായി ഒരു പലചരക്ക്
കടയുണ്ടോ ?
സ്വന്തംആയി ഒരു ഹോട്ടലുണ്ടോ ?
ഒരു സ്കൂളോ
കോളേജോ ഉണ്ടോ ?
പോട്ടെ
ഒരു കള്ള്ഷാപ്പെങ്കിലും ഉണ്ടോ ?
ഉണ്ടോടാ ?????
അവന്‍റ്മ്മേടെ സമത്വം ..

ഞാന്‍ ചില്ലുകൂട്ടിലെ
ഗുരു ദേവനെ നോക്കി
ഗൌരവത്തിലാ
ജാതി പറയരുത്..
പാഞ്ഞോടിയ ബസിന്റെ
പുറകില്‍
അയ്യങ്കാളി ഇതു
കേട്ടിട്ടാകാം പുഞ്ചിരി തൂകി ..

ചേട്ടനൊരു പുകയെടുത്തു
പുകയില്‍ ഒരു
കാക്ക കരഞ്ഞു
ദേശാടന കാക്ക ..




 എന്തിനായിരുന്നു?


ഒരു നോട്ടം കൊണ്ടോ
ഒരു വാക്ക് കൊണ്ടോ
എനിക്ക് പറക്കാന്‍
നീ
കടം തരാതെ പോയ
ആകാശം

വേലി പടര്‍പ്പുകള്‍ക്കിടയിലൂടെ
നിന്നിലേക്ക്‌ തുറന്നിരുന്ന
മറന്നുപോയ
ഇടവഴികള്‍

ഇനിയുമെത്താത്ത
യാത്രകള്‍..

എത്ര ദൂരെയാണ്
എത്ര അന്യനാണ്
ഞാന്‍

എന്നിട്ടും
പാതി മുറിഞ്ഞ
ഈ സ്വപ്നതില്‍ നിന്ന്
നിറുകില്‍ ഉമ്മവെച്ച്
എന്നെ വിളിച്ചുണര്‍ത്തിയത്
എന്തിനായിരുന്നു

Friday, July 11, 2014

വിക്സ് മണമുള്ള ഉമ്മകള്‍

ഒരിക്കല്‍ വല്യാപ്പന്റെ
വിക്സ് പുരട്ടിയ
ഉമ്മകിട്ടിയ
അടുത്ത വീട്ടിലെ കുഞ്ഞു കുഞ്ഞമ്മിണിയെ
ചൂണ്ടി വല്യാപ്പച്ചന്‍,
"കൊച്ചിനൊരു പൂവ്
പറിച്ചുകൊടുക്കാടാ",
കൊച്ചു കരയുന്നത് കണ്ടില്ലേ ?
എന്നൊരു ഓര്‍ഡര്‍...
തൊടിയില്‍ നിന്നൊരു പൂവടര്‍ത്തി
ഞാനവള്‍ക്ക് നീട്ടി,
കവിളില്‍ ഒരുമ്മ പുകഞ്ഞു
അവളെ വിക്സ് മണത്തു ..
എത്ര എത്ര പൂവുകള്‍
എന്നിട്ടും അവള്‍
നിര്‍ത്താതെ കരഞ്ഞു...

കുഞ്ചിപ്പട്ടി പോലും
പേടിച്ചോളിച്ച ആ രാത്രിയില്‍
കവിളിലൂടൊഴുകി
ഒരുകടല്‍
ചാണകം മെഴുകിയ തറയില്‍
എന്നെ നോക്കി
പല്ലിളിച്ച രാത്രിയില്‍,
അന്ന് മാത്രം
അമ്മക്ക് ഒരു പൂ പറിച്ചു കൊടുക്കടാ
എന്ന് അനിയനോട് പറയാന്‍ തോനി..
പറഞ്ഞില്ല ,,
മറന്നിട്ടല്ല,
പറഞ്ഞില്ല ....

എത്ര എത്ര വിക്സ് പുരട്ടിയ
ഉമ്മകള്‍ കാലം കവിളില്‍ തരുന്നു,
തൊടിയില്‍ എത്ര എത്ര പൂവുകള്‍
ഇന്നും വിക്സ് മണക്കുന്നു ...

Sunday, June 1, 2014

 ദെളിതന്റെ പൂവുകള്‍


പൂക്കളും പൂമ്പാറ്റകളും
കുടവയറനോപ്പം ഇറങ്ങി പോയ
ക്ലാരയാക്കിയ മഴയും.
മഴവില്ലും .
പട്ടികുട്ടികളും ,
തുടയിലും ചുണ്ടിലും
ചായം തേച്ച സിനിമാ നടിയും
വിരിഞ്ഞു നില്‍ക്കുന്ന
ചോര മണക്കുന്ന താമരയും,
നടുവിരല്‍ മാത്രമുള്ള കൈപത്തിയും
ചുവക്കാന്‍ മറന്ന
ചെമ്പരത്തിയും ,
ഇന്നും
മുഖ പുസ്തകം നിറയെ ..

നിങ്ങള്‍ തൂങ്ങി ആടിയ
കൊമ്പില്‍
എത്ര നേരമായി
ഞാനിങ്ങനെ ...

നിങ്ങള്‍ക്കായി ആരും
മെഴുകുതിരി കത്തിക്കില്ല
കള്ള കണ്ണീരൊഴുക്കില്ല,
കൂട്ടം കൂടില്ല
മുല്ലയെന്നോ , ആമ്പലെന്നോ പേരില്‍
ഒരു വിപ്ലവവും
പൊട്ടി പുറപ്പെട്ടു
നാണിച്ചു ചാകില്ല ,
കാരണം

ദെളിതന്റെ പൂവുകള്‍
അവന്റെ മാത്രമാണ്,
അവന്റെ മാത്രം .........
പൂക്കാത്ത ചെമ്പരത്തികള്‍ ..
 

തടവറയെ പേടിക്കാത്ത
കരയാത്ത,
ചിരിക്കുന്ന
വിപ്ലവകാരിയായ അച്ഛന്‍.
അച്ഛനെ കുറിച്ചോര്‍ക്കുമ്പോള്‍,
ഓര്‍ത്തോര്‍ത്തു പറയുമ്പോള്‍
അവന്റെ തല ഉയര്‍ന്നു നിന്നു.

വിഷക്കമ്പനിക്കെതിരെ
അച്ഛന്‍ സമരം നടത്തി,
പോലീസ് കൊണ്ടുപോയെന്ന്‍
അമ്മ പറഞ്ഞു.
ഒരിക്കല്‍ തിരിച്ചുവന്നു
കമ്പനി പൂട്ടിച്ചവന്‍
നാട് മുടിച്ചവന്‍
പലരും പലതും പറഞ്ഞു,

അച്ഛന്‍ മിണ്ടാതായി
ചിരിക്കാതായി
എപ്പോളും മൗനത്തില്‍
മുകളില്‍ കുത്തിയിരിക്കും
ചിലപ്പോള്‍ ദേഷ്യപ്പെടും.

വൈദ്യന്‍ വന്നു,
അമ്മയോടെന്തൊക്കെയോ
കുശുകുശുത്തു
എഴുത്തുപുരയില്‍ പൂട്ടിയിട്ടു.

അവനെ കാണുമ്പോള്‍ മാത്രം
ചിരിച്ചു കാണിച്ചു.
"അച്ഛനെന്നാ പറ്റിയേ"
ഉത്തരമില്ലാതയായപ്പോള്‍
ചോദ്യങ്ങളെ വടക്കേ കോലായില്‍ നിന്ന്
പറത്തിവിട്ടു.

അച്ഛന്‍ കിടക്കാറുള്ള
മുറിയുടെ വാതില്‍ക്കല്‍
തല ചേര്‍ത്തിരിക്കുമ്പോള്‍
ഒരിക്കല്‍, അമ്മ പറഞ്ഞു...
ഒരിക്കലും,
അച്ഛനെപ്പോലെയാകരുതെന്ന്‍
അവനൊന്നും മിണ്ടിയില്ല.

സ്കൂളില്‍ കൂട്ടുകാര്
"ചെമ്പരത്തി ചെവിയില്‍ ചൂടിക്കെടാ"
കളിയാക്കി.
അന്നാദ്യമായി ഒരിക്കലും കരയാത്ത
അച്ഛനെ ഓര്‍ത്ത് അവന്‍ കരഞ്ഞു.

അച്ഛന്റെ ഓര്‍മ്മകളുടെ ചുമരില്‍
" തടവറ ജീവിച്ചിരിക്കുന്നവര്‍ക്കുള്ളതാണ് "
ചുവന്നു കൊടി പുതച്ച് നിന്നിരുന്നു.

വലുതായപ്പോള്‍ തെരുവിലൂടെ
അവന്റെ ശബ്ദം മുഴങ്ങി കേട്ടു.
എതിര്‍ത്തവരെ വെല്ലുവിളിച്ചു.
അന്നത്തെ കുട്ടികള്‍
മീശ തടവി അടക്കം പറഞ്ഞു.
അവനും മൂപ്പരെപ്പോലെയായി.

ലോകമേ ഒരു തടവറ
അവന്‍ പത്രം വായിക്കാതെയായി
വാര്‍ത്ത കേക്കാതായി
പുറത്തിറങ്ങാതെയായി
"എല്ലാവര്‍ക്കും ഭ്രാന്താണ്"

അവനിലൂടെ ഒരു മുദ്രാവാക്യം
ആര്‍ത്തുവരുന്നതമ്മ കണ്ടു,
അച്ഛന്‍ ..

വീടിന്റെ കന്നി മൂലയില്‍
അവനൊരു ചെമ്പരത്തി നട്ടു.
വെള്ളമൊഴിച്ച്
സ്നേഹിച്ചു വളര്‍ത്തി.
അവള് പൂത്തുനില്‍ക്കുമ്പോള്‍
അവന്‍ വിളിച്ചു പറയും
എനിക്കും അച്ഛനെപ്പോലെയാകണം.

ഒരുനാള്‍ അവനും നാടുവിട്ടു.
പോകും മുന്പ് കരിക്കട്ടകൊണ്ട്
ചുമരില്‍ ഇങ്ങനെ എഴുതിയിരുന്നു.
""അച്ഛനായി ഞാനൊരു
ചെമ്പരത്തി കൂടെ കരുതുന്നു""...

എന്‍റെ ജനാലയരികിൽക്കൂടിയാണ് അവളുടെ കുതിര ഓടിപ്പോയത് ഞാനപ്പോൾ കുങ്കുമം വീണു ചീത്തയായ ഭൂപടം തുടച്ച് വൃത്തിയാക്കാൻ പരിശ്രമിക്കുകയായിരുന...