Saturday, April 30, 2016

കടല്‍ക്കരയിലെ
തീര്‍ത്തും
പുരാതനമായ
കൊട്ടാരത്തില്‍
മുക്കുവന്‍
കൂട്ടുകാരിയെ
കടലാസ് വള്ളങ്ങള്‍
ഉണ്ടാക്കാന്‍
പഠിപ്പിച്ചു പരാജയപ്പെടുന്നു,
അവന്‍ പങ്കായമെടുത്തു
കടലിലേക്ക് പോകുന്നു
അവള്‍ പഠിപ്പ് തുടരുന്നു,
രാത്രികള്‍ ഇറങ്ങി പോകെ
മനോഹരമായ
ഒരുവള്ളമവള്‍ ഉണ്ടാക്കുന്നു,
കടല്‍ക്കരയില്‍
അവനെ കാത്തിരിക്കുന്നു..


കാത്തിരുന്നു
മുഷിയുന്നു,
കാത്തിരിപ്പിന്
ശലഭ ഭംഗി ഉണ്ട് എന്ന് പറഞ്ഞ
കൂട്ടുകാരിയെ
അവള്‍ കള്ളി
എന്ന് പേരിട്ടു
ഓര്‍മകളില്‍ നിന്ന് കീറി കളയുന്നു..
മടുത്തപ്പോള്‍
മണലില്‍
പിറക്കാതെ പോയ മക്കളുടെ
പേരെഴുതി
കടലിന്നു മാച്ചുകളയാന്‍
കാത്തിരിക്കുന്നു ,
വീണ്ടും കാത്തിരുന്നു
മുഷിയുന്നു.


ഏഴ് പകലുകള്‍ക്ക്‌
ശേഷം അവന്‍ വന്നപ്പോള്‍
അവന്‍റെ കീറിയ
കുപ്പായ മടക്കില്‍
നിറയെ
തിളങ്ങുന്ന
ചെതുമ്പലുകള്‍
അതില്‍ ഒന്നെടുത്തു
അവള്‍ വള്ളമവന് നീട്ടുന്നു
കുറെ കവിള്‍ ചിരിക്കുന്നു..


ആ രാത്രി
അവള്‍ അവനു
ഒരിക്കല്‍ പോലും
കടലാഴം കാണാതെ
കടല്‍ക്കരയില്‍ തിരയെണ്ണി
മരിച്ച മുക്കുവന്റെ
കഥകള്‍ പറഞ്ഞു
കൊടുത്തുകൊണ്ടിരിക്കെ
അവനുറങ്ങി പോകുന്നു ,
കൊട്ടാരമൊരു
അക്വേറിയമാകുന്നു
അവരതില്‍
കടലാസ് വള്ളവും......


"കടലാഴം കാണാത്ത മുക്കുവൻ"
വരികൾ : സോമൻ കടലൂർ ( കനിമീൻ)
നഷ്ടപ്പെട്ടു പോയൊരു
കൈലേസ്
തിരഞ്ഞു പോകുന്ന കുട്ടി,
അവന്റെ മാത്രം
വഴികള്‍
തെരുവ് പട്ടികള്‍
പൂമ്പാറ്റകള്‍
ചോണനുറുമ്പുകള്‍
ബലിക്കാക്കകള്‍....
ലിലിത്ത്,
ബാബിലോണിന്റെ നദികള്‍ക്കരികില്‍
പാടി നടന്ന
യെഹൂദാ നാടോടി
കഥയിലെ
മുലകളില്‍ വിഷം നിറച്ച
ഉറക്കത്തില്‍ ചെറുപ്പക്കാരെ
പ്രാപിക്കുന്ന,
ഗര്‍ഭപാത്രത്തില്‍ വെച്ച് കുട്ടികളെ
കൊല്ലുന്ന ദുര്‍ദേവത,
നിറയെ മുടിയുള്ള,
സുന്ദരിയായ,
ചിറകുകളുള്ള,
ചെന്നായ്ക്കളും
മൂങ്ങകളും എപ്പോളും
കൂട്ടുള്ള പിശാചിനി... .



അവള്‍ ലിലിത്ത്
ആദ്യത്തെ പെണ്ണ്,
ഹവ്വക്കും മുന്നേ
ഏദനില്‍ ആദമിനൊപ്പം
സൃഷ്ടിക്കപ്പെട്ടവള്‍
ഒരേ മണ്ണില്‍ നിന്ന്
സൃഷ്ടിക്കപ്പെട്ടതിനാല്‍
നമ്മള്‍ സമരാണെന്ന്
ആദമിനെ വെല്ലുവിളിച്ച
അവകാശങ്ങള്‍ക്ക് വേണ്ടി
പോരാടിയ
വിധേയയായി നില്‍ക്കാത്തതിനാല്‍
മാത്രം
ഏദന്‍ എന്ന ആഡംബരം
ഉപേക്ഷിക്കേണ്ടി വന്ന
ദൈവത്തെ വെല്ലുവിളിച്ച
ചെങ്കടല്‍ തീരത്ത്
ഒറ്റയ്ക്ക് താമസിച്ചവള്‍
ആദ്യത്തെ ഫെമിനിസ്റ്റ്
അവള്‍
ലിലിത്ത് ..

മതം,
വഴങ്ങുന്നവളെ
വിശുദ്ധയാക്കുമ്പോള്‍
ചോദ്യങ്ങള്‍ ചോധിക്കുന്നവള്‍
വേശ്യയും , കൊള്ളരുതാത്തവളും
പിശാചിനിയും
ആകുമ്പോള്‍
നമ്മള്‍ മറന്നു കളഞ്ഞവള്‍
ചീത്തയാക്കപ്പെട്ടവള്‍
ലിലിത്ത്..


""ലിലിത്ത് നീയാ
സീയോനെ കുറിച്ചുള്ള
ഗാനങ്ങളിലൊന്ന് ഞങ്ങളെ
പാടി കേള്‍പ്പിക്കു""



ലിലിത്ത് : http://www.biblicalarchaeology.org/…/people-in-the-…/lilith/
""തൊടിയില്‍ നിന്ന്
നീ നീട്ടിയ
ജീവന്‍റെ മണമുള്ള
പൂവുകള്‍""...

Tuesday, January 5, 2016


ഗ്രാമത്തിന്‍റെ ഫോസിൽ പൂത്ത 
നഗരത്തിലെ എഴാം ക്ലാസ്സ്
*****************************************************

"നഗരം" എന്ന് പേരുള്ള
മാലിന്യവണ്ടി
ഗ്രാമത്തെ
ബലാത്സംഗം ചെയ്യുമ്പോൾ
പുഴവക്കില്‍ ഒരുവന്‍
ചൂണ്ടയിടുന്നു...
ചൂണ്ടയില്‍,
ചത്ത മീനുകള്‍ കൊത്തുന്നു...

പ്ലാസ്റ്റിക്ക്‌ ഇലകളിൽ
കാറ്റ് വീശുമ്പോള്‍
വരണ്ട പാടത്ത്,
വിശപ്പിനെ വിതച്ച് കര്‍ഷകന്‍,
വിത്തിനോടൊപ്പം മണ്ണിലേക്കാഴ്ന്നിറങ്ങാൻ
ഉറപ്പുള്ളോരു
കൊമ്പ്‌ തിരയുന്നു...

ഒരുവള്‍
കയ്യില്ലാത്ത,
കാലില്ലാത്ത
കുപ്പായം തുന്നുന്നു..
അവ
ശവപ്പെട്ടികളില്‍
പൂട്ടിവയ്ക്കുന്നു
ശേഷം, വിപ്ലവത്തിന്റെ
കുപ്പായമിടുന്നു...

ഒരു കൂട്ടം നിലവിളികളെ
ലാത്തികള്‍ വിഴുങ്ങുമ്പോൾ
"നഗരവല്‍ക്കരണം"
എന്ന ബോർഡുമേന്തി
മരണ ഘോഷയാത്ര
കടന്നു പോകുന്നു...

കോൺക്രീറ്റ്‌ കാട്ടില്‍
കുട്ടികള്‍,
ഇലയുള്ള
മരങ്ങളെ വരയ്ക്കുന്നു
പൂക്കളേയും
പൂമ്പാറ്റകളേയും വരയ്ക്കുന്നു
ചിരിക്കുന്നു...
വിശുദ്ധനുണകളാല്‍
കാലം അവരെ ഒറ്റുകൊടുക്കുന്നു

എല്ലാ നഗരത്തിനും കീഴെ,
നമ്മള്‍ കൊന്നുതള്ളിയ ഗ്രാമത്തിന്റെ 
ഫോസിലുണ്ടെന്നെഴുതിയ കുട്ടിയെ,
അദ്ധ്യാപകന്‍
ക്ലാസ്സിൽ നിന്നും പുറത്താക്കുന്നു...

അവന്‍ മാത്രം
നിലാവ് തെളിച്ചുകൊണ്ട്
വീട്ടിലേക്കു പോകുന്നു,
ചുമരില്‍
അമ്മ ചിരിക്കുന്നു ...
 ക്രിസ്തുതൊട്ട പച്ചവിരല്‍

പുല്‍കൂട്ടില്‍
നിയോണ്‍ ബള്‍ബിന്‍റെ
ചൂടില്‍
വെള്ള പെയിന്റടിച്ച
ക്രിസ്തുദേവന്‍
ചിരിച്ചങ്ങനെ
വിശാലമായി
കിടന്നുറങ്ങുന്നു..


മാറി നില്‍ക്ക് ബ്രോ
എന്ന് പറയും മാതിരി
ഒരു തണുത്ത കാറ്റ്
ഇക്കിളി ഇട്ടു
ചിത്ര പണികള്‍ ചെയ്ത
പള്ളി വാതിലില്‍ തട്ടി
ചമ്മി പണ്ടാരം അടങ്ങി
ഇങ്ങനെ നില്‍ക്കെ ,
ചെരുപ്പുകള്‍ക്ക്
കാവലിരിക്കുന്ന
സി സി ടി വി ക്യാമറയെ
നോക്കി പുണ്യാളന്‍
കുന്തം മുറുക്കെ പിടിച്ചു

വിചിത്ര രൂപമുള്ള
കുറച്ചു ജീവികള്‍
ചുറ്റും എവിടെക്കോ
നോക്കിയിരിക്കുമ്പോള്‍
അടുത്ത് അപ്പന്‍റെ
തോളത്തിരിക്കുന്ന
കുട്ടിയുടെ മുഖത്ത്
മാത്രം
കുഞ്ഞി ക്രിസ്തു ദേവനെ
ഞെക്കി പീച്ചാന്‍ ഭാവം ..
തമ്പായി ആണെന്ന
അമ്മയുടെ താക്കീത്..

ചുവരില്‍ പള്ളി പണിയുടെ
കണക്കു മാല ,
പരസ്പ്പരം
ഇക്കിളി ഇടുന്ന
രണ്ടുപേര്‍
നക്ഷത്രങ്ങള്‍
ബലൂണുകള്‍
ചൈനാ പൂവുകള്‍
മുക്കാല മുക്കാബുലാ ട്യൂണില്‍
ഭക്തി ഗാനങ്ങള്‍
ബ്രോ വിളികള്‍
കുശുമ്പ്
കുന്നായ്മകള്‍
ആകെ മൊത്തം സീന്‍

പാഞ്ഞു പോകുന്ന
കെ എസ് ആര്‍ ടി സി
ബസില്‍ നിന്ന്
കറുത്ത് മെലിഞ്ഞൊരു സ്ത്രീ
ഇറങ്ങി വരുന്ന കണ്ടു
നഗ്നനനായി
ക്രിസ്തു ദേവന്‍,
മുഖത്തൊരു കള്ള ചിരി ..

പണക്കൊഴുപ്പിന്റെ
പള്ളിമേടയില്‍ നിന്ന്
കാലിതൊഴുത്തില്‍ പിറന്നവനെ
കരുണ നിറഞ്ഞവനെ
ഗാനം,
കന്യാമറിയത്തിന്റെ
പച്ച വിരല്‍
തൂങ്ങി
മനുഷ്യാനായി അവനും ......

Sunday, May 24, 2015


അപ്പന്‍റെ മീനുകള്‍


തടിപ്പണി കഴിഞ്ഞു
അപ്പന്‍ എട്ടിനെത്തും
കുഞ്ചിപ്പട്ടിയും അപ്പനും
പാടത്തെ
രണ്ടായി പകുത്തു
ചെറിയ റോഡിലൂടെ
കീശ നിറയെ
നിലാവുമായി
കുറെ കവിള്‍
സംസാരിച്ചു വരും



ദിനേശ് ബീഡി
കുത്തി കെടുത്തി
മുഷിഞ്ഞ ഒരു കവര്‍
അമ്മക്ക് കൊടുക്കും
ചെറുക്കന്മാര്‍
എവിടെഡീന്ന് ചോദിക്കും
നിലാവുമായി
അമ്മ
അകത്തേക്ക് പോകും

വെള്ളം ചൂടാക്കാന്‍ പറയും
ഇറയത്തെ കസേരയില്‍
ഒരു ബീഡി
അപ്പനെ വലിച്ചു
ഇങ്ങനെ ഇരിക്കും..

പൂച്ചകള്‍ അപ്പനെ
ഉമ്മവെക്കും..

അനിയന്‍ വരും
അപ്പന്‍റെ തോളില്‍ പിടിക്കും
അപ്പന്‍റെ ഇടത്തെ തോളില്‍ തടി
ചുമന്നു തൊലി
പൊളിഞ്ഞു ഇരിക്കുന്നുണ്ടാകും
അവനതു തൊടും
അവിടുമ്മ വെക്കും
അപ്പനെ നോക്കും
അപ്പന്‍ ചിരിക്കും
അവന്റെ കണ്ണ് നിറയും

രാത്രിയില്‍
ഞങ്ങളപ്പനെ പുതക്കും ...

തിരിഞ്ഞു നോക്കുമ്പോൾ
തോനുന്നു,
അപ്പൻ കുത്തി
കെടുത്തുന്ന
ദിനേശ് ബീഡി
മാത്രമാണ് ജീവിതം ..

എന്‍റെ ജനാലയരികിൽക്കൂടിയാണ് അവളുടെ കുതിര ഓടിപ്പോയത് ഞാനപ്പോൾ കുങ്കുമം വീണു ചീത്തയായ ഭൂപടം തുടച്ച് വൃത്തിയാക്കാൻ പരിശ്രമിക്കുകയായിരുന...